bengal-politics

ന്യൂഡൽഹി: ബംഗാളിൽ ജയിച്ച സീറ്രുകളിൽ പരസ്പരം മത്സരിക്കില്ലെന്ന സി.പി.എം , കോൺഗ്രസ് ധാരണയിൽ തുടക്കത്തിലേ കല്ലുകടി. ഇന്നലെ നടന്ന സി.പി.എം കേന്ദ്രകമ്മിറ്രി ധാരണ അംഗീകരിച്ചെങ്കിലും ചില സീറ്രുകൾ വിട്ടുകൊടുക്കാനാവില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച ജംഗിപുർ, ബെഹ്റാംപൂർ, മാൾഡ നോർത്ത്, മാൾഡ സൗത്ത് എന്നീ സീറ്രുകളിലും സി.പി.എം ജയിച്ച റായിഗഞ്ച് , മൂർഷിദാബാദ് സീറ്രുകളിലും ജയിച്ച പാർട്ടികൾ തന്നെ സ്ഥാനാർത്ഥികളെ നിറുത്തുക എന്നായിരുന്നു കേന്ദ്രകമ്മിറ്രി യോഗത്തിന് ശേഷം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞത്. ചതുഷ്കോണ മത്സരത്തേക്കാൾ ത്രികോണ മത്സരമാണ് നല്ലത് എന്നതായിരുന്നു യെച്ചൂരി പറഞ്ഞത്.

എന്നാൽ തങ്ങൾ കഴിഞ്ഞ തവണ തോറ്ര റായിഗഞ്ചും മുർ‌ഷിദാബാദും വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറല്ല എന്നാണ് സൂചന. സി.പി.എം പി.ബി അംഗം മുഹമ്മദ് സലിം ജയിച്ച റായിഗഞ്ചിൽ രണ്ടാം സ്ഥാനത്ത് വന്ന ദീപാദാസ് മുൻഷിയാണ് അവകാശവാദവുമായി രംഗത്തുവന്നത്. 1634 വോട്ടുകൾക്കാണ് അവ‌ർ കഴിഞ്ഞ തവണ തോറ്രത്. അന്തരിച്ച കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻ ദാസ് മുൻഷി വിജയിച്ച ഈ സീറ്റിൽ അദ്ദേഹത്തിന്റെ ഭാര്യയായ ദീപ 2009ൽ ജയിച്ചിരുന്നു. മുർഷിദാബാദിൽ കോൺഗ്രസ് എം.എൽ.എ അബുഹെന്ന മത്സരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. ഇവിടെ സി.പി.എമ്മിലെ ബദറുദോസഖാൻ 18,483 വോട്ടിനാണ് ജയിച്ചത്. ഈ സീറ്രുകൾ സി.പി.എം വിട്ടുകൊടുക്കില്ലെന്ന ഇടതുമുന്നണി ചെയർമാൻ ബിമൻബോസും വ്യക്തമാക്കിയിട്ടുണ്ട്. ഫോർവേഡ് ബ്ലോക്ക് മത്സരിക്കാനൊരുങ്ങുന്ന പുരുളിയയിൽ കോൺഗ്രസ് എം.എൽ. എ നേപാൾ മഹാതോയും മത്സരിക്കാനൊരുങ്ങുകയാണ്.

അതേസമയം ഇക്കാര്യം തങ്ങൾ തമ്മിൽ നടന്ന സഖ്യചർച്ചകളിൽ വന്നില്ലെന്നാണ് ബംഗാൾ നേതാക്കൾ പറയുന്നത്. പശ്ചിമബംഗാൾ കോൺഗ്രസ് നേതാക്കളായ പ്രദീപ് ഭട്ടാചാര്യ, ശങ്കർ സിംഗ്, അബീർ മന്നൻ സി.പി.എം നേതാക്കളായ ബികാസ് ഭട്ടാചാര്യ, റബിൻ ദേബ് എന്നിവരാണ് ചർച്ച നടത്തിയത്. ആദ്യം കോൺഗ്രസ് അബീർ മന്നനെ ചർച്ചയിൽ പങ്കെടുപ്പിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.

ബംഗാളിൽ ഏച്ചുകൂട്ടലോ താത്കാലിക ധാരണയോ അല്ല വേണ്ടതെന്നും രണ്ടുവർഷം കഴി‌ഞ്ഞുള്ള നിയസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള സഖ്യമാണ് വേണ്ടതെന്നുമാണ് ബംഗാൾ പി.സി.സി അദ്ധ്യക്ഷൻ സൊമൻ മിത്ര പറയുന്നത്. ദീർഘകാല സഖ്യമില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാമെന്നാണ് കോൺഗ്രസ് നിലപാട്.