കിളിമാനൂർ: ടാർ കണി കാണാനില്ലാത്ത കൊടുവഴന്നൂർ - പന്തുവിള റോഡിലൂടെയുള്ള യാത്ര അതികഠിനമെന്ന് നാട്ടുകാർ. പുളിമാത്ത് പഞ്ചായത്തിലെ എരുത്തിനാട് വാർഡിലൂടെ കടന്നുപോകുന്ന റോഡാണ് ടാറിളകി കുണ്ടും കുഴിയുമായി കിടക്കുന്നത്. ഇതുവഴി ഇപ്പോൾ കാൽനടയാത്ര പോലും അസാദ്ധ്യമായിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസുൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. റോഡിലെ കുഴികളിൽ വാഹനം വീണ് യാത്രക്കാർക്ക് അപകടവും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവ് കാഴ്ചയാണ്. ചാക്യാർമുക്ക്, ശങ്കരൻ മുക്ക്, പന്തുവിള, കാവസ്ഥലം തുടങ്ങിയ പ്രദേശങ്ങളിലെ അറുനൂറോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. പട്ടികജാതി സങ്കേതമായ അംബേദ്കർ ഗ്രാമവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നൂറോളം കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. നിരവധി സ്കൂൾ വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതും യാത്രക്കാർക്ക് ദുരിതം വിതയ്ക്കുന്നുണ്ട്. എല്ലാ വർഷവും അശാസ്ത്രീയമായ രീതിയിൽ കുഴികളടച്ച് റോഡ് നന്നാക്കിയെന്നു പറഞ്ഞ് നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് പോകുന്ന രീതി മതിയാക്കി ഓടകൾ, കലുങ്ക്, ചപ്പാത്ത് എന്നിവ നിർമിച്ച് റോഡ് റീ ടാർ ചെയ്ത് ഇവിടെയുള്ളവരുടെ യാത്രാ ദുരിതം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.