തിരുവനന്തപുരം: നരേന്ദ്രമോദിയും പിണറായി വിജയനും പരാജയപ്പെട്ട ഭരണാധികാരികളാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. മോഹന വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ ഇരുവരും ജനങ്ങളെ വഞ്ചിച്ചുവെന്നും വോട്ട് രാഷ്ട്രീയമാണ് ഇരുവരുടെയും ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.സി.സി മാദ്ധ്യമ ഏകോപനസമിതി സംഘടിപ്പിച്ച ശില്‌പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി അധികാരത്തിൽ എത്തിയപ്പോഴുള്ള സ്ഥിതിയല്ല കേന്ദ്രത്തിൽ ഇപ്പോൾ. നോട്ടുനിരോധനവും ജി.എസ്.ടിയും വഴി കോടിക്കണക്കിന് തൊഴിലവസരങ്ങൾ നഷ്‌ടമായി. ഏഴു തവണ എക്സൈസ് നികുതി കൂട്ടി. ചിതറയിൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ നടന്ന കൊലപാതകം പെരിയ ഇരട്ടകൊലപാതകത്തിലെ പങ്ക് മറച്ചുപിടിക്കാൻ ഉപയോഗിച്ചതിന്റെ പേരിൽ സി.പി.എം സ്വയം അപഹാസ്യരായെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ദുർഭരണത്തിൽ മടുത്ത ജനങ്ങൾ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വോട്ടുചെയ്‌താൽ അത് ബി.ജെ.പിക്കും സി.പി.എമ്മിനും എതിരാവുമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു.
മൂന്ന് വർഷം ഭരിച്ചിട്ടും ഒന്നും ചെയ്യാത്ത പിണറായി തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തറക്കല്ലിടൽ മാത്രമാണ് നടത്തുന്നതെന്ന് കെ.പി.സി.സി കാമ്പയിൻ കമ്മിറ്റി ചെയർമാൻ കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.
കെ.പി.സി.സി മാദ്ധ്യമ ഏകോപന സമിതി ചെയർമാൻ പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ വി.എസ്. ശിവകുമാർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മാദ്ധ്യമ ഏകോപന സമിതി കൺവീനർ വിജയൻ തോമസ്, മുൻ മന്ത്രി പന്തളം സുധാകരൻ, ജി.വി. ഹരി, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ പങ്കെടുത്തു.