anacconda

തിരുവനന്തപുരം: മൃഗശാലയിൽ അനാക്കോണ്ടകൾക്കും രാജവെമ്പാലയ്ക്കും ഒട്ടകപക്ഷിയ്ക്കും ഇനി മൂന്നുമാസം എയർകണ്ടീഷൻ ചെയ്ത കൂട്ടിൽ കഴിയാം. വേനൽ കടുത്തതോടെയാണ് ചൂടൊട്ടും താങ്ങാൻ കഴിയാത്ത ഉരഗവർഗങ്ങളിലെ ഭീമാകാരൻമാർക്കും ഒട്ടകപക്ഷിയ്ക്കും കൂട്ടിൽ എ.സി ഘടിപ്പിച്ചത്. എ.സിക്ക് പുറമേ മുഴുവൻ സമയവും കൂട്ടിൽ ഫാനും ആവശ്യത്തിന് വെള്ളവും ഉറപ്പാക്കിയിട്ടുണ്ട്. വേനൽ ചൂട് ദിനം പ്രതി വർദ്ധിച്ചതോടെ നട്ടുച്ചയ്ക്ക് എ.സിയുടെ കുളിരിൽ ഏക ആൺ അനക്കോണ്ടയായ ദിലിനൊപ്പം കൂട്ടിലൊരുക്കിയിട്ടുള്ള നീർത്തടത്തിൽ നീന്തിത്തുടിക്കുകയാണ് എയ്ഞ്ചലയുൾപ്പെടെ മൃഗശാലയിലെ മറ്റ് ആറ് അനാക്കോണ്ടകൾ. ചൂടൊട്ടും താങ്ങാനാകാത്ത കരടിക്കുട്ടൻമാർക്കായി തണ്ണിമത്തൻ, മുന്തിരി, ഓറഞ്ച്, ആപ്പിൾ, പഴങ്ങൾ എന്നിവ ഫ്രീസറിൽ വച്ച് ഐസ് ബ്ളോക്കാക്കിയാണ് നൽകുന്നത്. പഴങ്ങളിൽ നിന്ന് വൈറ്റമിനുകളുൾപ്പെടെ ആവശ്യത്തിന് പോഷണം ലഭിക്കുന്നതിനൊപ്പം ശരീരത്തിന് തണുപ്പും കിട്ടും. ഇവയ്ക്ക് പുറമേ നീലക്കാള, കടുവ, ഹിമാലയൻ കരടി എന്നിവയുടെയും പക്ഷികളുടെയും കൂടുകളിൽ ആവശ്യത്തിന് ഫാനുകൾ ഘടിപ്പിച്ചിട്ടുണ്ട്. കുരങ്ങുകൾക്കും കിളികൾക്കും വരണ്ട ധാന്യത്തിനു പകരം ശരീരത്തെ ജലാംശം നിലനിർത്തുന്നതിനും ദഹനത്തിനും ലവണങ്ങൾക്കുമായി പയർ, കടല എന്നിവ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചാണ് നൽകുന്നത്. ഇതിനൊപ്പം ചീര, പച്ചക്കറികൾ എന്നിവയും ധാരാളമായി ഉൾപ്പെടുത്തിക്കഴിഞ്ഞു.വേനൽ അവസാനിക്കും വരെ ഇത് തുടരും.

വർദ്ധിച്ച വേന ൽചൂടിൽ നിന്ന് പക്ഷിമൃഗാദികളെയും ഉരഗങ്ങളെയും രക്ഷിക്കാനായി മൃഗശാലയിൽ സമ്മർ മാനേജ് മെന്റ് തുടങ്ങിക്കഴിഞ്ഞു. കൂട്ടിനുള്ളിൽ എ.സിയും ഫാനും ഘടിപ്പിക്കുകയും മെനുവിൽ മാറ്റം വരുത്തുകയും ചെയ്തതിനൊപ്പം മൃഗങ്ങളുടെ ശരീരോഷ്മാവ് നിയന്ത്രിക്കാനായി രാത്രിയിൽ രണ്ട് തവണ കൂടുകളിൽ വെള്ളം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വേനൽക്കാലം കഴിയും വരെ മൃഗങ്ങൾക്കും പക്ഷികൾക്കും പ്രത്യേക പരിചരണം തുടരും.

ഡോ. ജേക്കബ് അലക്സാണ്ടർ