തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കാൻ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മാനദണ്ഡം നിശ്ചയിക്കാൻ റിട്ട. ജില്ലാ ജഡ്ജി കെ. ശശിധരൻ നായരെയും അഡ്വ. കെ. രാജഗോപാലൻ നായരെയും കമ്മിഷനായി നിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
മൂന്നുമാസത്തിനകം കമ്മിഷന്റെ റിപ്പോർട്ട് ലഭ്യമാക്കി ദ്രുതഗതിയിൽ സാമ്പത്തിക സംവരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എൽ.ഡി.എഫ് പ്രകടനപത്രികയിൽ മുന്നാക്കസമുദായങ്ങളിലെ പാവപ്പെട്ടവർക്ക് സംവരണം പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക സംവരണം നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് വ്യവസ്ഥകൾ തയ്യാറാക്കാമെന്ന് കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സവിശേഷതകൾ പരിഗണിച്ച് മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് തന്നെ സംവരണം ഉറപ്പാക്കുന്ന വ്യവസ്ഥകൾ ക്രമീകരിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള കമ്മിഷന്റെ കാലാവധി അവസാനിച്ചതിനാൽ അത് പുനഃസംഘടിപ്പിക്കും. റിട്ട. ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ ചെയർമാനായുള്ള മൂന്നംഗ കമ്മിഷനെയാണ് നിയമിക്കുന്നത്.
പ്രളയ പുനരധിവാസ സഹായം
പുറമ്പോക്കിൽ താമസിക്കുന്ന പ്രളയബാധിത കുടുംബങ്ങൾക്ക് അവരുടെ ബ്ലോക്കിൽ സർക്കാർ ഭൂമി ഉണ്ടെങ്കിൽ മൂന്ന് മുതൽ അഞ്ച് സെന്റ് വരെ പതിച്ച് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അവിടെ വീട് നിർമ്മിക്കാൻ നാല് ലക്ഷം രൂപയും അനുവദിക്കും. സർക്കാർ ഭൂമി ഇല്ലെങ്കിൽ മൂന്ന് സെന്റ് ഭൂമി വാങ്ങാൻ ആറുലക്ഷം രൂപയും അവിടെ വീട് നിർമ്മിക്കാൻ നാല് ലക്ഷം രൂപയും നൽകും. ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
തിരുവനന്തപുരത്ത് മണക്കാട് ബണ്ട് പുറമ്പോക്കിലെ 75 കുടുംബങ്ങൾക്ക് അവിടെ അഞ്ച് സെന്റ് വീതം പതിച്ചുനൽകും.