ആറുമാസത്തിനുമുമ്പുണ്ടായ മഹാപ്രളയത്തിന്റെ എണ്ണമറ്റ ദുരന്താനുഭവങ്ങൾ ഇപ്പോഴും വേട്ടയാടുന്നതിനിടയിലാണ് സംസ്ഥാനം അത്യുഷ്ണത്തിന്റെ വറചട്ടിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നത്. നാലുമലയാളികൾ ഒത്തുകൂടുന്നിടത്തെല്ലാം സംസാരം ഇപ്പോൾ പൊള്ളുന്ന ചൂടിനെക്കുറിച്ചാണ്. ഓണക്കാലത്ത് കരകവിഞ്ഞും സമീപപുരയിടങ്ങളിൽ കയറിയും ഒഴുകിയ നദികളെല്ലാം വറ്റിവരണ്ടുകഴിഞ്ഞു. ജലവിതരണം മുട്ടില്ലാതെ നടന്നുകൊണ്ടിരുന്ന പ്രദേശങ്ങളിൽ പോലും വേനലിന്റെ കാഠിന്യം അറിഞ്ഞുതുടങ്ങി.
ഉരുകിയൊലിക്കുന്ന ചൂടിൽ മനുഷ്യർ മാത്രമല്ല വൃക്ഷലതാദികളും വളർത്തുമൃഗങ്ങളും മറ്റുജീവജാലങ്ങളും കഷ്ടപ്പെടുകയാണ്. മലയാളികളെ നടുക്കിക്കളഞ്ഞ മഹാപ്രളയം പോലെതന്നെ കത്തുന്ന വേനലും ഭയസംഭ്രാന്തിയോടെ അനുഭവിക്കേണ്ടി വന്നിരിക്കുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും വല്ലാതെ വർദ്ധിച്ചേക്കുമെന്ന കാലാവസ്ഥാകേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.സൂര്യാഘാതം ഏൽക്കാനുള്ള സാദ്ധ്യതയുമുണ്ടത്രെ. പൊതുജനങ്ങൾ പകൽ പുറത്തിറങ്ങുന്നത് അങ്ങേയറ്റം കരുതലോടെ വേണമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്. മതിയായതോതിൽ വെള്ളം കുടിക്കേണ്ടതിന്റെയും ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യവകുപ്പും ആളുകളെ ബോധവാന്മാരാക്കുന്നുണ്ട്. വെയിലത്ത് നിർമ്മാണജോലികളിലും മറ്റും ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12-നും 3-നുമിടയ്ക്ക് വിശ്രമം നൽകണമെന്നു തൊഴിൽ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ജീവിതസാഹചര്യങ്ങൾ നിർബന്ധിക്കുന്നതിനാൽ നട്ടുച്ചയ്ക്കും പുറത്തിറങ്ങേണ്ടിവരുന്നവരെ സംബന്ധിച്ച് ഇത്തരം കല്പനകൾക്ക് സാംഗത്യമൊന്നുമില്ല. പൊരിവെയിലത്തും തോരാമഴയത്തും തൊഴിലെടുക്കേണ്ടിവരുന്ന ലക്ഷോപലക്ഷം പേർ ഇവിടെ ഉണ്ട്.
മാർച്ച് മാസം തുടങ്ങിയപ്പോൾ തന്നെ പകൽ താപനിലയിൽ വലിയ വർദ്ധന ഉണ്ടാകാൻ കാരണം കാലാവസ്ഥാമാറ്റമെന്നാണ് പറയുന്നത്. 30-32 ഡിഗ്രിയിൽ നിന്ന് മുപ്പത്താറും മുപ്പത്തിയേഴും ഡിഗ്രിയിലേക്ക് ചൂട് ഉയർന്നു കഴിഞ്ഞു. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മാത്രമല്ല സുഖകരമായ കാലാവസ്ഥ അനുഭവപ്പെട്ടിരുന്ന തിരുവനന്തപുരത്തു പോലും മുൻവർഷങ്ങളെ അപേക്ഷിച്ച് താപനില 36 ഡിഗ്രിയിൽ എത്തിക്കഴിഞ്ഞു. കുറഞ്ഞ താപനിലയിലും കാണാം വലിയ വർദ്ധന. താപനില നാല്പതു ഡിഗ്രി കടന്നാൽ സൂര്യാഘാതമേൽക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
കടുത്ത വേനൽ കൊണ്ടുവരുന്നത് അസഹനീയമായ ചൂടു മാത്രമല്ല. പലവിധ പകർച്ചവ്യാധികളും വേനലിനൊപ്പം എത്തുന്നു. എച്ച് 1 എൻ 1, ചിക്കൻ പോക്സ്, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ അവിടവിടെ തലപൊക്കി കഴിഞ്ഞു. കുടിവെള്ളക്ഷാമം സംസ്ഥാനത്ത് പൊതുവേ അനുഭവപ്പെട്ടു തുടങ്ങി. ജലസംരക്ഷണ പ്രവർത്തനങ്ങളിൽ കാലാകാലങ്ങളായി ഉണ്ടായ അലംഭാവത്തിന് ഓരോ വേനലിലും പിഴ നൽകേണ്ടിവരികയാണ്. ശോഷിച്ചുപോയ അണക്കെട്ടുകളും പുഴകളും ജലവാഹിനികളുമൊക്കെ ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു. പ്രളയത്തിന്റെയും കൊടുംവേനലിന്റെയും ഗുണപാഠങ്ങൾ ഇനിയും പഠിക്കേണ്ടതായിട്ടാണിരിക്കുന്നത്. ശുദ്ധജലവിതരണ പദ്ധതികളിലെ പാളിച്ചകൾ പല പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പദ്ധതി പൂർത്തിയാക്കുന്നതിലുണ്ടാകുന്ന കാലതാമസം വെല്ലുവിളിയായി ഇപ്പോഴുമുണ്ട്. കാലവർഷം എത്തുന്നതിനുമുമ്പുള്ള മാസങ്ങളിൽ ജലദൗർലഭ്യമുള്ളയിടങ്ങളിൽ വെള്ളം എത്തിക്കുന്ന കാര്യത്തിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.
എല്ലാ വേനൽക്കാലത്തും സംസ്ഥാനത്തെ അണക്കെട്ടുകളുടെ അടിത്തട്ടിൽപോലും വെള്ളമില്ലാത്ത സ്ഥിതി കുറേക്കാലമായി കാണുന്ന പ്രതിഭാസമാണ്. മണലടിഞ്ഞും പാഴ് വസ്തുക്കൾ വീണും കൈയേറ്റം കൊണ്ടും സംഭരണശേഷി കുറഞ്ഞതു കാരണം അതിവൃഷ്ടിയുണ്ടായാലും അണക്കെട്ടുകൾ കൊണ്ട് വലിയ പ്രയോജനമില്ലാത്ത സ്ഥിതിയാണിപ്പോൾ. അണക്കെട്ടുകളുടെ സംരക്ഷണ ജോലികൾ നടത്താൻ ഏറ്റവും നല്ല സമയം വേനൽക്കാലമാണ്. സംഭരണികളിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കിയാൽ കൂടുതൽ സംഭരണശേഷി ഉറപ്പാക്കാമെന്നു മാത്രമല്ല ഖജനാവിനും അത് വലിയ മുതൽക്കൂട്ടാവും. മണൽക്ഷാമം കൊണ്ട് ബുദ്ധിമുട്ടുന്ന നിർമ്മാണ മേഖലയ്ക്കും അത് ഉത്തേജനം പകരും. കടമെടുക്കാൻ വഴികാണാതെ വിഷമിക്കുന്ന സംസ്ഥാനത്തിന് ഓരോ അണക്കെട്ടും പണം ചുരത്തുന്ന കാമധേനുവാക്കി മാറ്റാനാകും. ഭാവനാപൂർണമായ പദ്ധതി ആവിഷ്കരിച്ചാൽ മാത്രം മതി. എന്നാൽ വർഷങ്ങളായി മുമ്പിലുള്ള ഈ ആശയം പ്രവർത്തിപഥത്തിലെത്തിക്കാൻ കഴിയാത്തതുകാരണം അണക്കെട്ടുകളിലെ മണൽശേഖരം പ്രയോജനപ്പെടാതെ പോകുന്നു. കാലവർഷം അല്പമൊന്നു കനത്താൽ അണക്കെട്ടുകളെല്ലാം നിറഞ്ഞു കവിയുന്ന അവസ്ഥയുമുണ്ട്.
ഓണക്കാലത്തുണ്ടായ പ്രളയം ഒരളവോളം മനുഷ്യസൃഷ്ടിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. അതുപോലെ ഇപ്പോഴത്തെ കൊടുംചൂടിനു പിന്നിലും മനുഷ്യ കരസ്പർശമുള്ളത് വിസ്മരിക്കാനാവില്ല. പ്രകൃതി ചൂഷണം എല്ലാ പരിധികളും ലംഘിക്കുമ്പോൾ കാലത്തിനു നിരക്കാത്ത പലതും കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരും.