election

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതുനിമിഷവും വരാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഇന്നലെ മന്ത്രിസഭായോഗം കർഷകക്ഷേമ പദ്ധതികളുൾപ്പെടെ തിരക്കിട്ട് തീരുമാനങ്ങളെടുത്തത്. സമീപകാലത്തെ കർഷക ആത്മഹത്യകൾ രാഷ്ട്രീയചർച്ചയായി മാറിയ സാഹചര്യത്തിൽ കൂടിയാണ് സർക്കാർ നടപടി. സർക്കാരിന്റെ പരിമിതികൾക്കകത്ത് നിന്നുള്ള ഇടപെടലുകൾ നടത്തുന്നു എന്ന് ആമുഖമായി പറഞ്ഞാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തീരുമാനങ്ങൾ വിശദീകരിച്ചത്. നോട്ട് നിരോധനവും ജി.എസ്.ടിയും കാലവർഷക്കെടുതിയും കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയുമടക്കമുള്ള പ്രശ്നങ്ങൾ കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതുൾക്കൊണ്ട് ഇടപെടുന്ന സമീപനമല്ല ദേശീയാടിസ്ഥാനത്തിലുള്ളതെന്ന് കേന്ദ്രസർക്കാരിനെ പേരെടുത്ത് പറയാതെ കുറ്റപ്പെടുത്തുകയും ചെയ്തു.