തിരുവനന്തപുരം: 2018- 19 സാമ്പത്തിക വർഷം നടപ്പാക്കിയ അബ്കാരി നയം 2019- 20ലും തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള സബോർഡിനേറ്റ് ജുഡിഷ്യറിയിൽ 478 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 340 എൽ.ഡി.സിയും 30 ടൈപ്പിസ്റ്റുമാണ്.
കോഴിക്കോട് വിമാനത്താവളത്തിലെ കാർ പാർക്കിന് 15.5 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകും. വിമാനത്താവളം സ്വകാര്യവത്കരിക്കുകയോ കമ്പനിയാക്കുകയോ ചെയ്‌താൽ സർക്കാർ മൊത്തം നൽകുന്ന 152.5 ഏക്കർ ഭൂമിയുടെ വിലയ്ക്ക് തുല്യമായ ഓഹരി എയർപോർട്‌സ് അതോറിട്ടി സംസ്ഥാനത്തിന് നൽകണമെന്ന വ്യവസ്ഥയോടെയാണിത്. ഭൂമിയുടെ വില നിശ്ചയിക്കുന്നത് അന്നത്തെ കമ്പോള വിലയ്ക്കനുസരിച്ചായിരിക്കും.
കേന്ദ്ര പദ്ധതിയായ ഏരിയ ഇന്റൻസീവ് പ്രോഗ്രാമിൽ 2003 ജൂൺ 1ന് ശേഷം നിയമിതരായ 67 അദ്ധ്യാപക - അദ്ധ്യാപകേതര ജീവനക്കാർക്ക് 2015 നവംബർ 11 മുതൽ അംഗീകാരവും എ.ഐ.പി സ്‌കൂൾ ജീവനക്കാർക്ക് സേവന, വേതന ആനുകൂല്യങ്ങളും നൽകും.
മറ്റ് തീരുമാനങ്ങൾ:
തമിഴ്‌നാട്ടിൽ ഗജ ചുഴലിക്കാറ്റുണ്ടായപ്പോൾ ദുരിതാശ്വാസ സാധനങ്ങൾ അയച്ചതിന് ചെലവായ 18.86 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്.
ജവഹർ ബാലഭവന് ചുറ്റുമതിൽ നിർമ്മിക്കാൻ 1.95 കോടി രൂപ
2007ലെ സ്‌പെഷ്യൽ ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന് ഇ.ബി. ഷൈഭന് കേരള വാട്ടർ അതോറിട്ടി കോട്ടയം പി.എച്ച് ഡിവിഷനിൽ ഗാർഡ്‌നറായി നിയമനം.
വനിതാ വികസന കോർപറേഷനിലെ നിയമനങ്ങൾ പി.എസ്.സിക്ക്.
പുരാരേഖ വകുപ്പിൽ കരാർ ജോലി ചെയ്യുന്ന 3 പേരെ പത്തു വർഷം തികയുമ്പോൾ മാനുസ്ക്രിപ്റ്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ നിയമിക്കും.
കണ്ണൂർ വിമാനത്താവള കമ്പനിയിൽ (കിയാൽ) സർക്കാരിന് 35 ശതമാനം ഓഹരി നിലനിറുത്താൻ 175 കോടി രൂപ ഓഹരി വിഹിതമായി നൽകും. കമ്പനിയുടെ അടച്ചുതീർത്ത മൂലധനം 1,500 കോടി രൂപയായി പുനർനിശ്ചയിച്ച സാഹചര്യത്തിലാണിത്.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ ശുപാർശ പ്രകാരം ബോയൻ, നായിഡു, കോടങ്കി നായ്‌ക്കൻ സമുദായങ്ങളെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തും.
സംസ്ഥാന ഇലക്ട്രിക് വാഹന നയത്തിന്റെ അന്തിമ രേഖ മന്ത്രിസഭ അംഗീകരിച്ചു.