mor

ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം കഴിഞ്ഞ് വിട്ടുകിട്ടാനുള്ള കാത്തിരിപ്പ് തുടരുന്നു. മൾട്ടി സ്പെഷ്യാലിറ്റി ബ്ളോക്കിലെ പുതിയ മോർച്ചറി യൂണിറ്റ് ഉദ്ഘാടനം ചെയ്ത് രണ്ടുമാസമായിട്ടും പ്രവർത്തിക്കാത്തതാണ് കാരണം. ഫ്രീസറുകളിലെ മലിനജലം പുറത്തേക്കൊഴുകാനുള്ള ഡ്രെയിനേജ് സംവിധാനത്തിലെ പാളിച്ചയും മോർച്ചറിയ്ക്ക് മുന്നിൽ കൂടിയുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാകാത്തതുമാണ് പ്രവർത്തനം ആരംഭിക്കുന്നതിന് തടസം. മെഡിക്കൽ കോളേജിലെ മൾട്ടിസ്പെഷ്യാലിറ്റി ബ്ളോക്കിന്റെ തറനിരപ്പിന് താഴെയാണ് അത്യാധുനിക സംവിധാനമുള്ള പുതിയ മോർച്ചറി. ഇവിടുത്തെ ഫ്രീസറുകളിൽ 48 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. അഴുകിയതുൾപ്പെടെ ഒരേ സമയം നാല് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാനുള്ള ടേബിളുമുണ്ട്. സമയ നഷ്ടം ഒഴിവാക്കി മൃതദേഹങ്ങൾ വേഗത്തിൽ പോസ്റ്റുമോർട്ടം നടത്തി വിട്ടുകൊടുക്കാമെന്നായിരുന്നു അവകാശവാദം. പക്ഷെ രണ്ടുമാസം പിന്നിട്ടിട്ടും ഒന്നും നടന്നില്ല.

പരാധീനതകളേറെയുള്ള ഇപ്പോഴത്തെ മോർച്ചറിയിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മോർച്ചറി എപ്പോൾ മാറുമെന്ന് ആർക്കും വ്യക്തതയില്ല. ഇവിടെ ഒരു പോസ്റ്റുമോർട്ടം ടേബിളും 18 മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന മൂന്ന് ചേമ്പറുകളുമാണുള്ളത്. ദിനം പ്രതി ശരാശരി പത്ത് മൃതദേഹങ്ങളെത്തുന്ന ഇവിടെ അഞ്ചിൽ താഴെ അജ്ഞാത മൃതദേഹങ്ങളുമുണ്ടാകും. കാലപ്പഴക്കമേറെയുള്ള ചേമ്പറുകൾ അടിക്കടി തകരാറിലാകുന്നതും തണുപ്പ് കുറയുന്നതും മൃതദേഹങ്ങൾ അഴുകുന്നതിന് കാരണമാകുന്നുണ്ട്. ഇത് കാരണം ജീവനക്കാരും മൃതദേഹത്തിന്റെ അവകാശികളും തമ്മിൽ വാക്കേറ്റവും പതിവാണ്. ഇതിനെല്ലാം ശാശ്വത പരിഹാരമാകുമായിരുന്ന അത്യാധുനിക മോർച്ചറിയാണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും നോക്കുകുത്തിയായി തുടരുന്നത്.

 ഒരു വർഷം 4000 പോസ്റ്റുമോർട്ടം!

സംസ്ഥാനത്ത് ഏറ്റവുമധികം പോസ്റ്റുമോർട്ടങ്ങൾ നടക്കുന്നത് ഇവിടെയാണ്. പ്രതിവർഷം നാലായിരത്തിലധികം. സംസ്ഥാന മെഡിക്കോ ലീഗൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോറൻസിക് മെഡിസിൻ വിഭാഗമാണ് പോസ്റ്റുമോർട്ടവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നത്.

അപ്രോച്ച് റോഡിന്റെയും മോർച്ചറി യൂണിറ്റിലേക്കുള്ള വഴിയുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. മൃതദേഹം ഏറ്റുവാങ്ങാനെത്തുന്നവർക്കുള്ള വിശ്രമ കേന്ദ്രവും ഒരുങ്ങുന്നുണ്ട്. എത്രയും പെട്ടെന്ന് പുതിയ മോർച്ചറി പ്രവർത്തന സജ്ജമാക്കും.

ഡോ. എം.എസ്. ഷർമ്മദ്,

സൂപ്രണ്ട്, മെഡിക്കൽ കോളേജ്.