തിരുവനന്തപുരം : കരൾ മാറ്റിവയ്‌ക്കലിനും രോഗ നിർണയത്തിനുമുൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളൊരുക്കിയിട്ടും മെഡിക്കൽ കോളേജ് ആശുപത്രി നാഥനില്ലാ കളരി തന്നെ. നിർദ്ധന രോഗികൾക്ക് പ്രതീക്ഷയേകി സർക്കാർ മേഖലയിൽ ആദ്യമായി സജ്ജീകരിച്ച കരൾ മാറ്റിവയ്‌ക്കൽ സംവിധാനമാണ് കന്നി ശസ്ത്രക്രിയയ്‌ക്ക് ശേഷം രണ്ട് വർഷമായി അടഞ്ഞുകിടക്കുന്നത്. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് സ്വകാര്യ ആശുപത്രികളിൽ 30 ലക്ഷം വരെയാണ് ചെലവ്.

നിർദ്ധനർക്ക് പൊതുമേഖലയിൽ കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ നടത്താൻ കോടികളാണ് ചെലവഴിച്ചത്.

ഒരു വർഷത്തെ തയ്യാറെടുപ്പിന് ശേഷമാണ് ആദ്യ കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്നത്.

എന്നാൽ സ്വകാര്യ ആശുപത്രികൾക്ക് കമ്പനി വിലയിൽ ലഭിക്കുന്ന ഡിസ്‌പോസിബിൾ കിറ്റിന് ലക്ഷങ്ങൾ ചെലവാക്കിയത് തിരിച്ചടിയായി. അതോടെ ശസ്ത്രക്രിയയും അനുബന്ധ ചികിത്സയും നിലച്ചു. ഈ ഉപകരണങ്ങൾ ഇപ്പോൾ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കാണ് ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തവും സിറോസിസും കാൻസറുമടക്കം ബാധിച്ച് കരൾ നഷ്ടപ്പെട്ട നിരവധി നിർദ്ധന രോഗികൾ സ്വകാര്യ ആശുപത്രികളിൽ പോകാൻ പണമില്ലാതെ കഷ്ടപ്പെടുകയാണ്.

ആദ്യ കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടന്നത്. -2017 ജനുവരിയിൽ

2016 ജനുവരിയിൽ

ചെലവ്: 3.5 കോടി

വാങ്ങിയത്: 21 ഉപകരണങ്ങൾ

ചെവ്: 27 ലക്ഷം

ഒരുക്കിയത്: അത്യാധുനിക തീവ്രപരിചരണ വിഭാഗം

ചെലവ്: 11 ലക്ഷം

വാങ്ങിയത്: ലിവർ ട്രാൻസ്‌പ്ലാന്റേഷൻ കിറ്റ്

എച്ച്.എൽ.എ ലാബ്: ദാതാവിന്റെയും സ്വീകർത്താവിന്റെയും അവയവങ്ങളുടെ ചേർച്ച നിർണയിക്കും.

വീണ്ടും തയ്യാറെടുപ്പ്

കരൾ വീക്കം നിർണയിക്കുന്നതിനുള്ള അത്യന്താധുനിക ഉപകരണമായ സൂപ്പർ സോണിക്ക് ഷിയർ വേവ് ഇലാസ്റ്റോഗ്രാഫ്,​ കരൾരോഗ ചികിത്സയിൽ രക്തനഷ്‌ടം കുറയ്‌ക്കുന്നതിനും ശസ്ത്രക്രിയയിൽ ഉപയോഗിക്കാനും കഴിയുന്ന അത്യാധുനിക ഉപകരണമായ കവിട്രോൺ അൾട്രാസോണിക് സർജിക്കൽ ആസ്‌പിറേറ്റർ അടക്കമുള്ള ഉപകരണങ്ങൾ ആശുപത്രിയിൽ സജ്ജീകരിച്ചു. പുത്തൻ ഉപകരണങ്ങൾ കൂടിയെത്തുമ്പോൾ കരൾ ശസ്ത്രക്രിയ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് രോഗികൾ.


സാധാരണക്കാരായ രോഗികൾക്ക് ഉപകാരമാകുന്ന കരൾ മാറ്റ ശസ്‌ത്രക്രിയ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്.

ഡോ. എം. എസ്. ഷർമത്,

തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട്