തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽനിന്നു പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരെ തിരിച്ചെടുത്താൽ കോടതിയിൽ സർക്കാരിനു തിരിച്ചടിയാകുമെന്ന് ഗതാഗത വകുപ്പിന് വിദഗ്ദ്ധരിൽ നിന്ന് നിയമോപദേശം ലഭിച്ചു. എന്നാൽ, ഇതു സംബന്ധിച്ച് നിയമവകുപ്പ് നിലപാട് അറിയിച്ചിട്ടില്ല. എംപാനലുകാരിൽ 10 വർഷത്തെ സർവീസുള്ള 1700 പേരെ തിരിച്ചെടുക്കാനുള്ള സാദ്ധ്യതകളാണ് നിയമവകുപ്പിനോട് ഗതാഗതവകുപ്പ് ഒരാഴ്ച മുമ്പ് ആരാഞ്ഞത്.
നിയമപ്രകാരം പി.എസ്.സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ മാത്രമേ നിയമനം നടത്താനാകൂ. എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ എംപാനൽ കുടുംബങ്ങളെ എതിരാക്കാതെ കൊണ്ടുപോകാനാണ് സർക്കാരിന്റെ ശ്രമം.
നിലവിൽ കണ്ടക്ടർമാരുടെ ഒഴിവില്ലെന്ന് കോടതിയെ അറിയിച്ചതിനാൽ പുതിയ ഒഴിവുണ്ടാക്കി കുറച്ചു പേർക്കെങ്കിലും അവസരമൊരുക്കാനുള്ള വഴി കോർപറേഷൻ ആലോചിക്കുന്നുണ്ട്. പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടു പ്രകാരം ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം 1: 5.5 ആണ്. ഇപ്പോഴത് 1:7 ആണ്. കൂടുതൽ ബസുകൾ നിരത്തിലിറക്കിയും മറ്റ് ക്രമീകരണങ്ങളിലൂടെയും അനുപാതം 1: 6 ആക്കാൻ കോർപറേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. അതുപ്രകാരം ഉണ്ടാകുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും അറിയിക്കും. അവിടെ നിന്നുള്ള നടപടികൾക്ക് ആറു മാസമെങ്കിലും കാലതാമസമുണ്ടാകും. ഈ സമയത്തേക്ക് പരിചയസമ്പന്നരെ നിയമിക്കാമെന്നാണ് കണക്കുകൂട്ടൽ. 43 ദിവസമായി സെക്രട്ടേറിയറ്രിനു മുന്നിൽ സമരംചെയ്യുന്ന എംപാനലുകാർ ഈ സാഹചര്യത്തിൽ സമരം ശക്തമാക്കുന്നതിനായി ഇന്നലെ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചിരിക്കുകയാണ്.
പ്രതീക്ഷ മങ്ങുന്നു
പലവട്ടം പ്രതീക്ഷ നൽകി സർക്കാർ പറ്റിക്കുകയാണെന്ന ആക്ഷേപമാണ് ഇപ്പോഴുള്ളത്. തിരിച്ചെടുക്കാൻ ഓർഡിനൻസ് കൊണ്ടുവരുമെന്ന് പറഞ്ഞു- അതിനെക്കുറിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല.
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സമരം പ്രഖ്യാപിച്ചപ്പോൾ ഗതാഗത മന്ത്രി ചർച്ച നടത്തി അനുകൂല തീരുമാനമുണ്ടാക്കുമെന്നായിരുന്നു എൽ.ഡി.എഫ് കൺവീനറുടെ ഉറപ്പ്. ഇതുവരെ ഒരു ചർച്ചയും നടന്നില്ല.
സമരക്കാരിൽ വിള്ളൽ
10 വർഷത്തിലേറെ സർവീസുള്ളവരെ തിരിച്ചെടുക്കാനുള്ള സാദ്ധ്യത ആലോചിച്ചതോടെ ഒരു വിഭാഗം സമരത്തിൽ നിന്നു പിൻവാങ്ങി. അവർ കൊല്ലത്ത് യോഗം ചേർന്ന് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്