തിരുവനന്തപുരം:നിലവിലെ മദ്യനയം തുടരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ കള്ളുഷാപ്പുകളുടെ വില്പന തത്കാലം നടക്കില്ലെന്ന് വ്യക്തമായി.ഇപ്പോഴുള്ള ലൈസൻസുകൾ ഒരു വർഷത്തേക്ക് പുതുക്കി നൽകാനാണ് തീരുമാനം.ഷാപ്പുകളുടെ വില്പന നടത്തണമെന്നത് സി.ഐ.ടി.യു അനുകൂല സംഘടനയുടെ പ്രധാന ആവശ്യമാണ്.

എന്നാൽ ഷാപ്പുകൾക്ക് മൂന്ന് വർഷത്തേക്ക് ലൈസൻസ് നൽകണമെന്നതാണ് മറ്റു ചില സംഘടനകളുടെ ആവശ്യം. പണം മുടക്കി ഷാപ്പുകൾ നല്ല നിലവാരത്തിൽ നടത്താനും അതിലൂടെ വ്യവസായം മെച്ചപ്പെടുത്താനും കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.മദ്യനയത്തിന് രൂപം നൽകും മുമ്പ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് തൊഴിലാളി സംഘടനകളുടെ യോഗം മന്ത്രി ടി.പി.രാമകൃഷ്ണൻ വിളിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവച്ചു.ടോഡി ബോർഡ് നിലവിൽ വരുന്നതു വരെയോ അല്ലെങ്കിൽ മൂന്ന് വർഷം വരെയോ കള്ള് ഷാപ്പുകളുടെ വില്പന നടത്തുമെന്നാണ് കഴിഞ്ഞ മദ്യനയത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ടോഡി ബോർഡിന്റെ നടപടികളൊന്നും പൂർത്തിയായിട്ടില്ല.തൊഴിലാളി സംഘടനകൾക്കോ ഷാപ്പ് ലൈസൻസികൾക്കോ ബോർഡിനെക്കുറിച്ച് ഒരു രൂപവുമില്ല. കള്ള്ഷാപ്പുകൾക്ക് ലൈസൻസ് കാലാവധി തീരുന്ന മുറയ്ക്ക് നീട്ടി നൽകുകയാണ് ചെയ്യുന്നത്.

കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കണമെന്നതാണ് സംഘടനകളുടെ മറ്റൊരു പ്രധാന ആവശ്യം.ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ശ്മശാനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് മദ്യശാലകൾ പാലിക്കേണ്ട ദൂരപരിധിയിൽ വിദേശ മദ്യശാലകൾക്ക് അനുവദിച്ച ഇളവ് കള്ള് ഷാപ്പുകൾക്ക് നൽകിയില്ല. കള്ളുഷാപ്പുകൾ എണ്ണത്തിൽ കൂടുതലുള്ളതിനാലാണ് ദൂരപരിധി കുറയ്ക്കാൻ കഴിയാത്തതെന്നാണ് എക്സൈസ് കമ്മിഷണർ പറയുന്നത്. സംസ്ഥാനത്തെ 4,600 ലധികം ഷാപ്പുകളിൽ 250 ൽ താഴെ മാത്രമാണ് ദൂരപരിധി വ്യവസ്ഥയിൽ വരുന്നതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ദൂരപരിധി

ത്രീ സ്റ്റാർ ബാറുകൾക്ക് 200 മീറ്റർ

ഫോർസ്റ്റാർ മുതൽ 50 മീറ്റർ

കള്ള് ഷാപ്പുകൾക്ക് 400 മീറ്റർ

....................................................................

മൊത്തം ഷാപ്പുകൾ 4,600

മൊത്തം കള്ള് തൊഴിലാളികൾ 40,000

ചെത്തുകാർ മാത്രം 27,000

....................................................................

പ്ലാസ്റ്റിക് കുപ്പികൾ മാറ്റുന്നില്ല

പ്ളാസ്റ്റിക് കുപ്പികളിലെ മദ്യവിതരണത്തിന്റെ കാര്യത്തിലും കഴിഞ്ഞ മദ്യനയത്തിലെ പ്രഖ്യാപനം നടപ്പാക്കാൻ സർക്കാരിനായില്ല.പ്ളാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടം ഘട്ടമായി നിർത്തുമെന്ന് പറഞ്ഞെങ്കിലും മദ്യനിർമ്മാണ കമ്പനികൾ അത് ചെവിക്കൊണ്ടില്ല.