ps-sreedaran-pillai

തിരുവനന്തപുരം: ദളിതരുടെ വോട്ട് വാങ്ങി അധികാരത്തിൽ എത്തിയിട്ടുള്ള സി.പി.ഐയ്‌ക്കും സി.പി.എമ്മിനും പാർട്ടിയിലെ ഉന്നത ബോഡിയിൽ എന്തുകൊണ്ട് ദളിതരെ എത്തിക്കാൻ സാധിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. പിണറായി സർക്കാരിന്റെ ദളിത് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. കുഞ്ഞച്ഛനും എ.കെ. ബാലനും പാർട്ടിയുടെ ഉന്നതസ്ഥാനത്തു വരാൻ എന്താണ് തടസം. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം 27 പട്ടികജാതി പട്ടികവർഗക്കാരാണ് കൊലചെയ്യപ്പെട്ടത്. ഇതിൽ മൂന്നു പേർ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഇരകളാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
കിഴക്കേകോട്ടയിൽ നിന്നും ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റിന്റെ മുന്നിൽ പൊലീസ് തടഞ്ഞു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീർ, ജനറൽ സെക്രട്ടറിമാരായ സി.എ. പുരുഷോത്തമൻ, സർജു തൈക്കാട്, സെക്രട്ടറിമാരായ സ്വപ്‌നജിത്ത്, വി. സന്ദീപ് കുമാർ, വൈസ് പ്രസിഡന്റുമാരായ രമേഷ് കാവിമറ്റം, പ്രേംകുമാർ, കെ.കെ. ശശി, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, തുടങ്ങിയവർ സംസാരിച്ചു.