moratorium

തിരുവനന്തപുരം: കർഷകരുടെ എല്ലാത്തരം വായ്പകൾക്കും ഡിസംബർ 31വരെ മോറട്ടോറിയം ഏർപ്പെടുത്താനും ബാങ്കുകളുടെ ജപ്തി നടപടികൾ നിറുത്തിവയ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളിലെ വായ്പകൾക്ക് ഇത് ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് വന്നേക്കുമെന്ന കണക്കുകൂട്ടലിൽ മന്ത്രിസഭായോഗം ഒരു ദിവസം നേരത്തേയാക്കുകയായിരുന്നു.

ഇടുക്കി, വയനാട് ജില്ലകളിൽ ഒമ്പത് കർഷകർ ആത്മഹത്യ ചെയ്തത് മന്ത്രിസഭ പ്രത്യേകം ചർച്ച ചെയ്‌തു. കാർഷിക വായ്പകളുടെ ജപ്തിക്ക് നേരത്തേ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും പല ബാങ്കുകളും ജപ്തിയിലേക്ക് നീങ്ങുന്നതിനാലാണ് തീരുമാനം. ഇന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
പ്രളയത്തിൽ കാർഷികമേഖലയിൽ 19,000 കോടിയുടെ നഷ്ടമുണ്ടായി. നഷ്ടപരിഹാരത്തിന് പുറമേ പ്രത്യേക പാക്കേജിനായി കേന്ദ്രത്തെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. കാർഷികേതര വായ്പയെടുത്ത കർഷകർക്ക് നേരേ കേന്ദ്രസർക്കാരിന്റെ സർഫാസിനിയമം ഉപയോഗിച്ച് ജപ്തിയുമായി ബാങ്കുകൾ നീങ്ങിയത് മലയോരമേഖലയിൽ കർഷകരെ ദുരിതത്തിലാക്കിയെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു.

കടാശ്വാസ ആനുകൂല്യം രണ്ട് ലക്ഷം

കാർഷിക കടാശ്വാസകമ്മിഷൻ 50,000 രൂപയ്ക്ക് മേലുള്ള കുടിശികയ്ക്ക് നൽകുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷമാക്കി. മൂന്ന് ലക്ഷമാക്കണമെന്ന കൃഷിവകുപ്പിന്റെ നിർദ്ദേശത്തോട് ധനവകുപ്പ് വിയോജിച്ചിരുന്നു.

ഇടുക്കി, വയനാട് ജില്ലകളിൽ ഈ ആനുകൂല്യം 2018 ആഗസ്റ്റ് 31 വരെയുള്ള വായ്പകൾക്ക്. മറ്റ് ജില്ലകളിൽ 2014 മാർച്ച് 31വരെയുള്ള വായ്പകൾക്ക്.

പ്രകൃതിക്ഷോഭത്തിലെ വിളനാശത്തിന് നഷ്ടപരിഹാര കുടിശികയ്‌ക്കായി 85 കോടി ഉടൻ. ഇതിൽ 54 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്.

ദീർഘകാലവിളകൾക്ക് പുതിയ വായ്പയുടെ പലിശ 9 ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്. ഈ ആനുകൂല്യം ഒരു വർഷം വരെ.

വിളനാശം മൂലമുള്ള നഷ്ടത്തിനുള്ള ധനസഹായം ഇരട്ടിയാക്കി. പ്രളയത്തിലെ വിളനാശത്തിനും ഇത് കിട്ടും.

നഷ്‌ടപരിഹാരം ഇങ്ങനെ:

ഉത്പന്നം (ഒരെണ്ണം) .......നിലവിലുള്ള തുക ......പുതുക്കിയ തുക

കമുക് (ഫലമുള്ളത് )...........150 ...............................300

കമുക് (ഫലമില്ലാത്തത്)....100............................... 200

കൊക്കോ...........................100................................200

കാപ്പി...................................100................................200

കുരുമുളക് (ഫലമുള്ളത്)......75................................150

ജാതി (ഫലമുള്ളത്)................40............................... 800

ജാതി (ഫലമില്ലാത്തത്)......150...............................300

ഗ്രാമ്പു (കായ്ഫലമുള്ളത്)..200...............................400

ഗ്രാമ്പു (ഫലമില്ലാത്തത്)...100...............................200