തിരുവനന്തപുരം : പ്രളയാനന്തര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ലോക ബാങ്കിന്റെ ആദ്യ വികസന വായ്‌പയായ 3500 കോടി രൂപ ജൂൺ, ജൂലായ് മാസങ്ങളിലായി ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഹായം വേഗത്തിലാക്കാനും സാങ്കേതിക തടസം പരിഹരിച്ച് തുടർപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ചീഫ് സെക്രട്ടറി ടോം ജോസിനെ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. 70:30 അനുപാതത്തിലാവും വായ്‌പ ലഭ്യമാക്കുക.
ലോകബാങ്കിന്റെ 3500 കോടിയുൾപ്പെടെ പദ്ധതി പ്രവർത്തനത്തിനായി കേരളം 5000 കോടി രൂപ ഉപയോഗിക്കണം. ഇതിനായി 1500 കോടി രൂപ സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്ന് കണ്ടെത്തണം. ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കാകും തുക ചെലവാക്കുക. തകർന്ന റോഡുകൾ പുനഃസ്ഥാപിക്കാൻ 1200 കോടി രൂപ പൊതുമരാമത്തു വകുപ്പിനു നേരത്തേ ലഭിച്ചിരുന്നു. ഇതുൾപ്പെടെയുള്ള തുക സംസ്ഥാന വിഹിതമായി പരിഗണിക്കാനാകുമോ എന്നും പരിശോധിക്കും. പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ പ്രധാനമന്ത്രി ഗ്രാമീൺ റോസ്ഗാർ യോജന പദ്ധതിയിലൂടെ നന്നാക്കാനാകുമോ എന്നും പരിശോധിക്കും.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ യു.എൻ ഏജൻസികളും ലോക ബാങ്കും ചേർന്ന് നടത്തയ പഠനത്തിൽ കേരള നിർമ്മിതിക്ക് ഏകദേശം 32,000 കോടി രൂപ വേണമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവ് വഴിയാണ് ലോകബാങ്കിന്റെയും എ.ഡി.ബിയുടെയും സഹായം തേടിയത്. 11 മേഖലകളുൾപ്പെടുന്ന റീബിൽഡ് കേരള വികസന പദ്ധതിയുടെ കരട് രേഖയും മന്ത്രിസഭായോഗം പരിഗണിച്ചു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി ഈ രേഖ വിലയിരുത്തി.