bjp

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ഗോദയിൽ തരൂരും ദിവാകരനും റെഡി. ഇരുവരും ഒന്നിനൊന്ന് കരുത്തർ. മത്സരം മുറുകുമെന്ന് ഉറപ്പായ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ആരാകുമെന്നതാണ് ഇനിയുള്ള ചോദ്യം. തുല്യശക്തരെ നേരിടാൻ യോഗ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്തുക പാർട്ടിക്ക് വെല്ലുവിളിയുമായി.

യു.ഡി.എഫ് പക്ഷത്ത് തരൂർ‌ തന്നെയെന്ന് നേരത്തേ തീർച്ചയായിരുന്നു. തരൂരിനെ നേരിടാൻ മണ്ഡലത്തിൽ നല്ല സ്വാധീനവും കക്ഷിഭേദമില്ലാതെ സുഹൃദ്ബന്ധങ്ങളുമുള്ള സി.ദിവാകരനെ സി.പി.ഐ നിയോഗിച്ചത് തിങ്കളാഴ്ചത്തെ സംസ്ഥാന കൗൺസിൽ യോഗത്തിലാണ്. ദിവാകരൻ ഇന്നലെത്തന്നെ പ്രചാരണവും തുടങ്ങി.

ഇക്കുറി കേരളത്തിൽ ബി.ജെ.പി ഉന്നമിടുന്ന മൂന്നു സീറ്റുകളിലൊന്നാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാൽ ഇടതു മുന്നണിയെ പിന്തള്ളി രണ്ടാമത് എത്തിയതിന്റെ ബലമുണ്ട്. 15,000 വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ആ വ്യത്യാസം ഇക്കുറി വിശ്വാസിവോട്ടു കൊണ്ട് നികത്താമെന്നാണ് കണക്കുകൂട്ടൽ. പക്ഷേ, അത് വോട്ടായിക്കിട്ടണമെങ്കിൽ അതിനൊത്ത സ്ഥാനാർത്ഥി വേണം.

കുമ്മനം രാജശേഖരന്റെയും രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെയും പേരുകളാണ് ആദ്യം കേട്ടിരുന്നതെങ്കിലും, മിസോറം ഗവർണർ ആയ കുമ്മനത്തിനെ മത്സരിപ്പിക്കാൻ കേന്ദ്രം അനുമതി നൽകുമോ എന്ന സംശയമുണ്ടായിരുന്നു. സുരേഷ് ഗോപിയുടെ പേര് പിന്നെ കേട്ടതുമില്ല. സ്ഥാനാർത്ഥി നിർണയത്തിന് സി.കെ.പത്മനാഭന്റെ നേതൃത്വത്തിൽ തെക്കൻ മേഖലയിൽ നടത്തിയ അഭിപ്രായം തേടലിൽ തലസ്ഥാനത്തേക്ക് കുമ്മനത്തിന്റെ പേരിനായിരുന്നു മുൻതൂക്കം. പുതിയ സാഹചര്യത്തിൽ കുമ്മനത്തിനായി സമ്മർദ്ദം മുറുകാനാണ് സാദ്ധ്യത. എതിരിടേണ്ടത് ശശി തരൂരിനോടും സി.ദിവാകരനോടുമാകുമ്പോൾ സ്ഥാനാർത്ഥി നിർണയം കുറേക്കൂടി ജാഗ്രതയോടെ വേണ്ടിവരും. സി. ദിവാകരന്റെ വരവോടെ മണ്ഡലത്തിലെ വോട്ടിംഗ് പാറ്റേണിൽ വിള്ളലുകൾ ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്.

കഴിഞ്ഞ തവണ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ കഴക്കൂട്ടം,വട്ടിയൂർക്കാവ്,നേമം,തിരുവനന്തപുരം എന്നീ നാലിടത്ത് ബി.ജെ.പി മുന്നിലെത്തിയിരുന്നു. ഇപ്പോൾ സി. ദിവാകരൻ വരുമ്പോൾ നേമത്തും കഴക്കൂട്ടത്തും കോവളത്തും ബി.ജെ.പി വോട്ടുകളിൽ ചോർച്ചയുണ്ടായേക്കാം. പക്ഷേ, സ്ഥാനാർത്ഥി എന്ന നിലയിൽ ദിവാകരൻ അത്ര കരുത്തനാണെന്ന് കരുതുന്നില്ലെന്നാണ് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സുരേഷ് കുമാറിന്റെ കമന്റ്.

2014-ൽ ചതിച്ചത് ന്യൂനപക്ഷ വോട്ടുകളാണെന്ന് ബി.ജെ.പി വിലയിരുത്തുന്നു. ഇത്തവണ ഒാഖി ദുരിതാശ്വാസത്തിൽ സംസ്ഥാന സർക്കാരിനു സംഭവിച്ച മോശം പ്രതിച്ഛായയും, മത്സ്യത്തൊഴിലാളി മേഖലയിൽ മോദി സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും കാര്യങ്ങൾ മാറ്റിമറിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ.