തിരുവനന്തപുരം: കായികോപകരണങ്ങളുടെ വ്യവസായ വാണിജ്യ വിപണന സാദ്ധ്യതകൾക്ക് വേദിയൊരുക്കുന്ന ത്രിദിന അന്തർദേശീയ കായിക പ്രദർശനം 'ഇന്റർനാഷണൽ സ്‌പോർട്സ് എക്സ്‌പോ കേരള 2019' ന് 7നു തുടക്കം. സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശനം രാവിലെ 9. 30 മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.
കായിക, ശാരീരികക്ഷമത, വിനോദം എന്നീ മേഖലകളിൽ ഉപയോഗപ്പെടുത്താവുന്ന നൂറിൽപരം കായികോപകരണ നിർമാതാക്കളുടെ ആയിരത്തിൽപരം ഉല്പന്നങ്ങളാണ് ഇന്ത്യൻ എക്സിബിഷൻ സർവ്വീസസുമായി സഹകരിച്ചുളള പ്രദർശനത്തിൽ അണിനിരത്തുന്നത്. സഹായോപാധികൾ, വസ്ത്രങ്ങൾ, കായികശൈലി ഉല്പന്നങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികോപകരണങ്ങൾ, ഫിറ്റ്‌നെസ് ഉപാധികൾ എന്നിവയെ അധികരിച്ചുള്ള ഉല്പന്നങ്ങളും പ്രദർശനത്തിലുണ്ടാകും.കായിക യുവജനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ ജയതിലകും ഡയറക്ടർ സഞ്ജയൻകുമാറും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കായികമേഖലയിലെ വാണിജ്യ,വ്യവസായ സാധ്യതകൾ ആരായുന്നതിന് സമ്മേളനം, ക്യാമ്പ്, പരിശീലന പരിപാടി, ശില്പശാലകൾ എന്നിവ ഇതോടൊപ്പം നടക്കും.
വിവിധ മേഖലകളിലെ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. കേരള സ്‌പോർട്സ് കൗൺസിൽ, ജിവിരാജ സ്‌പോർട്സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്സ് ഡിവിഷൻ, എൽഎൻസിപിഇ എന്നിവിടങ്ങളിലെ പരിശീലകർ, കായിക താരങ്ങൾ, ഫെഡറേഷനുകളുടെ പ്രതിനിധികൾ തുടങ്ങിയവരും ഇതിൽ ഭാഗഭാക്കാകും.
കേരള സ്റ്റേറ്റ് അമെച്വർ ബോക്സിംഗ് അസോസിയേഷന്റെ ഫൈറ്റ് നൈറ്റ്, കളരിപ്പയറ്റ് അസോസിയേഷന്റെ കളരിപ്പയറ്റ്, ബോഡി ബിൽഡിംഗ് അസോസിയേഷന്റെ മിസ്റ്റർ സ്‌പോർട്സ്, കരാട്ടെ അസോസിയേഷന്റെ കരാട്ടെ, കേരള ബാസ്‌കറ്റ് ബോൾ അസോസിയേഷന്റെ ഹൂപ്പർ സീരീസ്, സ്‌കൂബാ ഡൈവിംഗ്അണ്ടർ വാട്ടർ ഗെയിംസ് അവതരണം എന്നിവ മൂന്നു ദിവസങ്ങളിലായി നടക്കും. സ്‌പോർട്സ് എക്സ്‌പോ ശനിയാഴ്ച വൈകുന്നേരം വരെ തുടരും.
വിശദവിവരങ്ങൾക്ക് ഇമെയിൽ: sportxkerala2019@gmail.com, ഫോൺ: 7356881995.