ഞാൻ അത് അറിഞ്ഞില്ലല്ലോ’ എന്നാരും പറയാതിരിക്കാനാണ് ഞാൻ കാമറ തുറന്നുവെച്ചത്. മറുവശത്തെ കാണാത്ത മനുഷ്യരെ കാട്ടിത്തരിക മാത്രമായിരുന്നു ഞാൻ.” എന്ന് പറഞ്ഞൊരു വ്യക്തിയുണ്ട് . ലോകമെമ്പാടുമുള്ള യുദ്ധഭൂമിയിൽ, അഭയാർത്ഥികൾക്കിടയിൽ, അതിർത്തികൾക്കപ്പുറവും ഇപ്പുറവുമുള്ള നിസഹയതകൾക്കിടയിൽ കണ്ണുതുറന്നുവച്ച്, കാതുകൂർപ്പിച്ച്, മനസ് കല്ലാക്കി, കൈയിൽ കാമറയുമായി നീങ്ങിയ ഒരു മനുഷ്യൻ. യാനിസ് ബറാക്കിസ്. കഴിഞ്ഞ 30 വർഷമായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ ഏറ്റവും മികച്ച ചിത്രങ്ങൾക്ക് ചുവട്ടിൽ ആ ഗ്രീക്ക് പേരുണ്ടായിരുന്നു. പക്ഷേ, ഇനിയതുണ്ടാകില്ല. സഞ്ചരിച്ച വഴികളിലെവിടെയോ കാത്തുനിന്ന അർബുദത്തിനൊപ്പം 58ാം വയസിൽ അയാൾ നടുക്കുന്ന ഫ്രെയിമുകൾ ബാക്കിവച്ച് മടങ്ങിക്കഴിഞ്ഞു.
മാസിഡോണിയ-ഗ്രീസ് അതിർത്തിയിൽ ആർത്തലച്ച മഴയിൽ മകളെയുംകോരിയെടുത്ത്, മാറത്തടുക്കി ചുംബിച്ച് വിശാലമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്നുവരുന്ന, തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രത്തെക്കുറിച്ച് യാനിസ് പറഞ്ഞതിങ്ങനെയാണ് “ ഒരു പ്ലാസ്റ്റിക്ക് ചവറുബാഗ് മഴക്കോട്ടാക്കി വരുന്ന ആ അച്ഛന് ശരിക്കുമൊരു സൂപ്പർമാന്റെ രൂപമായിരുന്നു. ഏതു ദുരന്തത്തിലും സൂപ്പർഹീറോകൾ ശേഷിക്കുമെന്നതിന്റെ അടയാളംപോലെ."...
യുദ്ധത്തേക്കാൾ ഭീകരമായ അവസ്ഥകൾ ലോകത്തുണ്ടെന്ന് ഉറക്കെപ്പറയുന്ന ചിത്രങ്ങളാണ് യാനിസിന്റേത്. അടിക്കുറിപ്പുകളില്ലാതെ വായിക്കാൻ കഴിയുന്ന ജീവനുള്ള, കണ്ണീരിന്റെ ഉപ്പും ചോരയുടെ മണവുമുള്ള ചിത്രങ്ങൾ.
സിറിയ, അഫ്ഗാൻ, ലിബിയ, കൊസോവ, ചെച്നിയ, സിയറ ലിയോൺ, സൊമാലിയ, ഇൗജിപ്റ്റ്, ടുണീഷ്യ, ഉക്രൈൻ, കശ്മീർ, ഇറാഖ്, ഇസ്രായേൽ- പാലസ്തീൻ അതിർത്തികൾ...അങ്ങനെ ദുരന്തങ്ങളുടെ നടുവിൽനിന്നാണ് യാനിസിന്റെ കാമറകൾ ലോകത്തോട് സംവദിച്ചത്. ഓരോചിത്രങ്ങൾക്കൊപ്പവും ലോകം നടുങ്ങിവിറച്ചു. അയ്യോ.. എന്നൊരു ശബ്ദം ചങ്കിൽനിന്നിറങ്ങി, തൊണ്ടയിൽ വന്ന് തടഞ്ഞ്, പുറത്തേക്ക് പോകാൻ വിമ്മിഷ്ടപ്പെട്ട് ഒടുവിൽ കണ്ണുനീരായി പുറത്തേക്ക് വന്നു. അതിർത്തികളിൽ വന്നിറങ്ങുന്ന മനുഷ്യരുടെ സ്വത്വം ലോകം ചർച്ചചെയ്തത് യാനിസിന്റെ ചിത്രങ്ങളിലൂടെയായിരുന്നു.
പേരിനും പ്രശസ്തിക്കുമായല്ല താൻ ചിത്രങ്ങൾ എടുക്കുന്നതെന്നും സുന്ദരമായ ഇൗ ലോകത്തിന്റെ മറുകോണുകളിൽ ഇങ്ങനെയും നടക്കുന്നുണ്ടെന്ന് പറയുകയാണ് തന്റെ ലക്ഷ്യമെന്നുമാണ് 1960ൽ ഗ്രീസിലെ ഏഥൻസിൽ ജനിച്ച യാനിസിന്റെ ചിത്രരാഷ്ട്രീയം. ചിത്രങ്ങൾക്ക് പിന്നാലെ പോയി ചിത്രമെടുത്ത് മടങ്ങുകയായിരുന്നില്ല യാനിസ് ചെയ്തിരുന്നത്. കാമറകൾക്ക് പിന്നിൽ കണ്ണുകൾ മിന്നിമറയുമ്പോൾതന്നെയും മറുകരം അതിലെ കഥാപാത്രങ്ങൾക്ക് നേരെയും അദ്ദേഹം നീട്ടിയിരുന്നു.
2015ൽ ‘ദ ഗാർഡിയൻ" പത്രം ഫോട്ടോഗ്രാഫർ ഒഫ് ദ ഇയർ ആയി തിരഞ്ഞെടുത്ത വേളയിൽ അദ്ദേഹം ലോകത്തോട് പറഞ്ഞതിങ്ങനെയാണ്, '' കഴിഞ്ഞ 25 വർഷമായി ലോകമെങ്ങുമുള്ള അഭയാർത്ഥികളുടെ ചിത്രങ്ങൾ ഞാൻ പങ്കുവെച്ചുകൊണ്ടിരുന്നു. ഇപ്പോൾ ഇതാ അവർ അതിർത്തി കടന്ന് എന്റെ രാജ്യത്തേക്കും വന്നിരിക്കുന്നു". മരണമില്ലാത്തവരാണ് ഫോട്ടോഗ്രാഫർമാർ. യാനിസ് ബറാക്കിസിന് വിട.