smart

തിരുവനന്തപുരം : രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകൾ നാടിന്റെ വികസനത്തിന് തടസമാകരുതെന്നും ജനകീയ വിഷയങ്ങളിൽ അഭിപ്രായ സമന്വയമാണ് വേണ്ടതെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാസ്ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്മാർട്ട്സിറ്റി വെബ്‌സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. സ്മാട്ട് സിറ്റി പദ്ധതി പൂർത്തീകരിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണ്. പിണറായി സർക്കാരിന്റെ ആയിരം ദിനങ്ങൾ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്നും മന്ത്രി പറഞ്ഞു. വികസനത്തിന്റെ പേരിൽ സ‌ർക്കാർ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിപ്പില്ലെന്നും എന്നാൽ നാടിന്റെ വികസനത്തിന് ഒപ്പം നിൽക്കുമെന്നും ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്ത കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. ഓപ്പൺ ജിം, കുട്ടികളുടെ പാർക്ക്, പബ്ലിക് ടോയ്ലെറ്റുകളുടെ പുനരുദ്ധാരണം, ഇൻഫർമേഷൻ കിയോസ്‌ക്ക് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. മേയർ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

47കോടി അടങ്കൽ തുകയുടെ 10 പ്രോജക്ടുകൾക്ക് ഇതിനോടകം ഭരണാനുമതി നൽകിയതായും 6.9 കോടി രൂപയുടെ പദ്ധതികൾക്ക് സാങ്കേതികാനുമതി ലഭ്യമാക്കിയെന്നും സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി. ബാലകിരൺ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ശ്രീകുമാർ, പാളയം രാജൻ, ബി.ജെ.പി നേതാവ് എം.ആർ. ഗോപൻ, യു.ഡി.എഫ് നേതാവ് ഡി. അനിൽകുമാർ, നഗരസഭാ സെക്രട്ടറി എൽ.എസ്.ദീപ എന്നിവർ സംസാരിച്ചു.