തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും തമ്മിലെ പോര് രൂക്ഷമായിരിക്കെ, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പൊതുഭരണ വകുപ്പ് സ്പെഷ്യൽ ജോയിന്റ് സെക്രട്ടറി സി. അജയനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

സസ്പെൻഷൻ അറിയിച്ച് അസോസിയേഷൻ ജനറൽസെക്രട്ടറിയുടെ പേരിൽ അച്ചടിച്ച നോട്ടീസിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കെതിരെ രൂക്ഷവിമർശനമുണ്ട്. ഇത് മുഖ്യമന്ത്രിക്കെതിരായ ഒളിയമ്പാണെന്നാണ് സെക്രട്ടേറിയറ്റിൽ സംസാരം.

ഭരണത്തിന്റെ തണലിൽ വളർന്നതല്ല അസോസിയേഷനെന്നും സ്ഥലംമാറ്റങ്ങളും പിരിച്ചുവിടലുകളും നേരിട്ട് പോരാട്ടങ്ങളുടെ കനൽവഴികളിലൂടെ വളർന്ന പ്രസ്ഥാനമാണെന്നും നോട്ടീസിൽ ഓർമ്മിപ്പിക്കുന്നു. 'സെക്രട്ടേറിയറ്റിലെ അന്തിച്ചർച്ചകളിൽ ഉരുത്തിരിയുന്ന ട്രാൻസ്‌ഫറുകളിലൂടെ പ്രസ്ഥാനത്തെ തകർക്കാമെന്നും സർക്കാരിൽ നിന്ന് ജീവനക്കാരെ അകറ്റാമെന്നും വ്യാമോഹിക്കുന്നെങ്കിൽ പോയി പണി നോക്കണം മിസ്റ്റർ എന്ന് മാത്രമേ ഞങ്ങൾക്ക് പറയാനുള്ളൂ'- നോട്ടീസിൽ ആഞ്ഞടിച്ചു.

സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നും പരിഷ്കാരങ്ങൾക്കും ഗുണപരമായ മാറ്റത്തിനുമായി നില കൊണ്ടിട്ടുള്ളവരാണെന്നും അവരുടെ മനോവീര്യം തകർക്കാനും ജീവനക്കാരെയാകെ സർക്കാരിന് എതിരാക്കാനുമാണ് ബിശ്വനാഥ് സിൻഹ ശ്രമിക്കുന്നത് എന്നുമാണ് അസോസിയേഷന്റെ കുറ്റപ്പെടുത്തൽ.

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സമ്പാദ്യമായ ഏഴര കോടി കൊള്ളയടിച്ച ഹൗസിംഗ് സംഘം മുൻ ഭരണസമിതി അംഗങ്ങൾക്കെതിരെ അച്ചടക്കനടപടിയെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് അട്ടിമറിക്കാനുള്ള പൊതുഭരണസെക്രട്ടറിയുടെ ശ്രമത്തിന് ഒത്താശ ചെയ്യുകയാണ് ജോയിന്റ്സെക്രട്ടറി സി. അജയൻ എന്നാണ് ആരോപണം.

മുഖ്യമന്ത്രിയുടെ അംഗീകാരം വേണമെന്ന ചട്ടം ലംഘിച്ച് വളരെ ചെറിയ ശിക്ഷാനടപടിയിലൊതുക്കാനും ഉദ്യോഗസ്ഥതലത്തിൽ തീർപ്പാക്കി അഴിമതിക്കാരെ സംരക്ഷിക്കാനുമാണ് ജോയിന്റ് സെക്രട്ടറി ശ്രമിച്ചത്. ഇതിനെ ചോദ്യം ചെയ്ത സംഘടനാ ഭാരവാഹിയെയും നിർവ്വാഹകസമിതി അംഗത്തെയും അടക്കം വകുപ്പിൽ നിന്ന് മാറ്റാൻ ശുപാർശ ചെയ്തു. കട്ടവർക്ക് കൂട്ടുനിൽക്കുന്ന ഇത്തരക്കാരെ ചുമക്കേണ്ട ബാദ്ധ്യത സംഘടനയ്‌ക്കില്ലെന്നും നോട്ടീസിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ പിന്തുണയോടെ പൊതുഭരണ വകുപ്പിൽ ശാസ്ത്രീയ പരിഷ്കാരങ്ങൾക്ക് ശ്രമിക്കുന്ന ബിശ്വനാഥ് സിൻഹയ്ക്കൊപ്പം സഹായിയായുള്ളത് അജയനാണ്. അജയൻ അവധിയിലായ ദിവസം അദ്ദേഹത്തെ സ്ഥലംമാറ്റാൻ സംഘടനാ നേതൃത്വത്തിൽ നിന്നുണ്ടായ നീക്കം കൈയോടെ പിടിച്ചപ്പോഴാണ് മുഖം രക്ഷിക്കാൻ ഹൗസിംഗ് സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെടുത്താനുള്ള ശ്രമമുണ്ടായതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ. സംഘടനയുടെ ഈ സമീപനത്തോട് മുഖ്യമന്ത്രിക്കുള്ള അതൃപ്തി നിലനിൽക്കെ, വിശ്വസ്തനായ ഉദ്യോഗസ്ഥനെതിരായ അച്ചടക്കനടപടി ദൂരവ്യാപക പ്രത്യാഘാതമുളവാക്കുമെന്നാണ് വിലയിരുത്തൽ.