kerala-administrative-ser

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ (കെ.എ.എസ്) മൂന്ന് വിഭാഗങ്ങളിലും (സ്ട്രീമുകൾ) സംവരണം ബാധകമാക്കി സ്പെഷ്യൽറൂൾസ് ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എല്ലാം നേരിട്ടുള്ള നിയമനമായതിനാൽ മൂന്ന് വിഭാഗങ്ങളിലും സംവരണം ആകാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതു വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ, സർക്കാർ സർവീസിലുള്ളവർ, ഗസറ്റഡ് ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങളിൽ നിന്നാണ് കെ.എ.എസിലേക്ക് നിയമനം നടത്തുന്നത്. ഇതിൽ ആദ്യത്തെ സ്ട്രീമിൽ മാത്രം സംവരണം മതിയെന്നതായിരുന്നു തുടക്കത്തിലെ തീരുമാനം. മറ്റ് രണ്ട് വിഭാഗങ്ങൾ തസ്തിക മാറ്റം വഴിയുള്ളതാണെന്ന് വിലയിരുത്തിയാണ് സംവരണം നിഷേധിച്ചത്. അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശവും തേടിയിരുന്നു. ഇതിനെതിരെ പിന്നാക്ക സംഘടനകൾ പ്രതിഷേധിച്ചു. നിയമസഭയിൽ പ്രതിപക്ഷവും ഇത് ആയുധമാക്കി. സി.പി.എം അനുകൂല പട്ടികജാതി ക്ഷേമസമിതിയും എല്ലാ സ്ട്രീമുകളിലും സംവരണം ആവശ്യപ്പെട്ടു.

ഇതെല്ലാം കണക്കിലെടുത്ത് രണ്ട് വിഭാഗങ്ങളിൽ കൂടി സംവരണം നടപ്പാക്കാൻ സർക്കാർ വീണ്ടും നിയമോപദേശം തേടി. സ്‌പെഷ്യൽ റൂൾസ് ഭേദഗതി ചെയ്‌ത് മൂന്ന് സ്ട്രീമുകളിലും സംവരണമാകാമെന്ന് നിയമോപദേശം ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
സ്‌പെഷ്യൽ റൂൾസ് ഭേദഗതിക്ക് ശേഷം ഇത് പി.എസ്‌.സിക്ക് അയയ്‌ക്കും. പിഎസ്.സി അംഗീകരിച്ച് തിരിച്ചയച്ചിട്ടാവും സർക്കാർ ഉത്തരവിറക്കുക. തുടർന്ന് കെ.എ.എസിലേക്ക് പി. എസ്. സി അപേക്ഷ ക്ഷണിച്ച് നിയമന നടപടികൾ ആരംഭിക്കും.
കെ.എ.എസ് രൂപീകരിക്കുക എന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.