fuels

തിരുവനന്തപുരം: ആഗോളതാപനം ഉയരുമ്പോൾ പരിസ്ഥിതി മലിനീകരണം കുറച്ച് പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് കേരളം മാറുന്നതിനുള്ള ഇലക്ട്രിക് മൊബിലിറ്റി നയരേഖ മന്ത്രിസഭ അംഗീകരിച്ചു. ഫോസിൽ ഇന്ധനങ്ങൾ പരമാവധി കുറച്ച് വൈദ്യുതി, സൂര്യപ്രകാശം എന്നിവ ഉപയോഗിക്കുന്ന ഗതാഗത ശൃംഖലയാണ് നയത്തിന്റെ ലക്ഷ്യം.

2025 ഓടെ കെ.എസ്.ആർ.ടി.സി.യുടെ 6,000 ബസുകളും വൈദ്യുതി ബസുകളാക്കും. ആദ്യപടിയായി തിരുവനന്തപുരം നഗരത്തിൽ ഇലക്‌ട്രിക് വാഹനങ്ങൾ

നിരത്തിലിറക്കും. ഇ - റിക്ഷ, ഇലക്ട്രിക് കാറുകൾ, ബൈക്കുകൾ തുടങ്ങി എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളും ഘട്ടം ഘട്ടമായി സംസ്ഥാനത്ത് കൊണ്ടുവരും. കെ.എസ്.ഇ.ബിയുടെ സഹായത്തോടെ സംസ്ഥാനത്താകെ ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. കേരള ഓട്ടോ മൊബൈൽസിന്റെ സഹായത്തോടെ ഇ-റിക്ഷകൾ വ്യാപിപ്പിക്കും. ഇതിന് കേന്ദ്ര - സംസ്ഥാന സബ്സിഡി ഉറപ്പാക്കും.
ആദ്യ അഞ്ചു വർഷം പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് നികുതിയിൽ 50 ശതമാനവും മറ്റ് ഇലക്ട്രിക് വാഹനങ്ങൾക്ക് 25 ശതമാനവും ഇളവ് അനുവദിക്കും. ഫോസിൽ ഇന്ധനങ്ങൾ കുറയ്‌ക്കുമ്പോൾ അന്തരീക്ഷ താപവും വായു മലിനീകരണവും വലിയ തോതിൽ കുറയും.
തദ്ദേശീയമായി ഇലക്ട്രിക് വാഹനങ്ങളുടെയും സ്‌പെയർ പാർട്ടുകളുടെയും നിർമ്മാണം പ്രോൽസാഹിപ്പിക്കും. കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ കീഴിൽ ഇ - ഓട്ടോകൾ, ഇലക്ട്രിക് ഡ്രൈവ് ട്രെയിൻ, പവർ ഇലക്‌ട്രോണിക്സ്, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, എനർജി സ്റ്റോറേജ് തുടങ്ങിയവയുടെ നിർമ്മാണ യൂണിറ്റുകൾ സംസ്ഥാനത്ത് ആരംഭിക്കും. ഇത് തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കും. തൊഴിലധിഷ്‌ഠിത സംരംഭങ്ങൾ തുടങ്ങാൻ യുവാക്കൾക്ക് അവസരവും നൽകും.