1

പൂവാർ: നെയ്യാറ്റിൻകര താലൂക്കിലെ തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ പഞ്ചായത്തുകളിൽ ശുദ്ധജലം ലഭ്യമാക്കാൻ നടപ്പിലാക്കുന്ന പദ്ധതിയാണ് തിരുപുറം - കുമിളി സമഗ്ര ശുദ്ധജല വിതരണ പദ്ധതി.

പദ്ധതിയോടനുബന്ധിച്ചുള്ള മുഴുവൻ നവീകരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് തിരുപുറം പുത്തൻകട ജംഗ്ഷനിൽ നടക്കും. മന്ത്രി കെ. കൃഷ്‌ണൻകുട്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനാകും.

1958 ലാണ് തിരുപുറം - കാഞ്ഞിരംകുളം പഞ്ചായത്തുകളുടെ സമീപത്തായി കുമിളി വാട്ടർ സപ്ലൈ സ്‌കീം അന്നത്തെ കേരള ഗവർണർ ആയിരുന്ന ബി. രാമകൃഷ്‌ണറാവു നാടിന് സമർപ്പിക്കുന്നത്. 60 വർഷങ്ങൾക്ക് ശേഷമാണ് കൂടുതൽ ശേഷിയുള്ള ജലശുദ്ധികരണ പ്ലാന്റ് പ്രദേശത്ത് നിർമിക്കുന്നത്. 1956ൽ കുഴിച്ചിട്ട പൈപ്പ് ലൈനുകളിൽ കൂടെയാണ് പുതിയ കണക്ഷനും ലിങ്ക് ചെയ്തിട്ടുണ്ട്.

 പ്രവർത്തനങ്ങൾ ഇതുവരെ

1. തിരുപുറത്ത് നിലവിലുള്ള കിണർ, പമ്പ് ഹൗസ് എന്നിവയുടെ നവീകരണം പൂർത്തിയായി.

2. നെയ്യാറിൽ നിന്നും ഒരു ദിവസം 8 മില്യൻ ലിറ്റർ ജലം പ്ലാന്റിൽ എത്തിക്കുന്നതിനായി 1950 മീറ്റർ നീളമുള്ള 450 എം.എം ഡക്‌റ്റൈൽ അയൺ പൈപ്പ് ലൈൻ സ്ഥാപിച്ചു.

3. കുമിളിയിൽ ശുദ്ധീകരിക്കാനാവുന്നത് - 12 മില്യൻ ലിറ്റർ ജലം

4. ആവശ്യമായ ഇടങ്ങളിലെല്ലാം പമ്പ് സെറ്റുകളും ട്രാൻസ്‌ഫോർമറുകളും തയാറാക്കി

5. നെല്ലിക്കാക്കുഴി, എട്ടുകുറ്റി, പരണിയം തുടങ്ങിയ ഇടങ്ങളിൽ മുമ്പുള്ളവയ്ക്ക് പുറമെ പുതിയ ജലസംഭരണികൾ സ്ഥാപിച്ചു.

6. പ്ലാന്റിൽ നിന്നും സംഭരണികളിലേയ്‌ക്ക് 6150 മീറ്റർ നീളത്തിൽ 450 എം.എം മുതൽ 250 എം.എം വരെയുള്ള പമ്പിംഗ് മെയിനുകൾ സ്ഥാപിച്ചു.