തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷനിൽ 5.79ലക്ഷം രൂപയുടെ ക്രമക്കേട് ആരോപണത്തിന്റെ പേരിൽ തർക്കം രൂക്ഷമായി. ആരോപണം ലഘുലേഖയായി ഇറക്കിയതോടെ, സംഘടനാവിരുദ്ധ പ്രവർത്തനത്തിന് ആറ് പേരെ സസ്പെൻഡ് ചെയ്തതായി അസോസിയേഷൻ ജനറൽസെക്രട്ടറി ടി. ശ്രീകുമാർ അറിയിച്ചു.
2017-18ൽ അസോസിയേഷന്റെ മുഖപത്രമായ 'സമഷ്ടി 'യുടെ ആഡിറ്റ് പത്രികയിൽ ഒന്നര ലക്ഷം രൂപ അസോസിയേഷന് തിരിച്ചു കൊടുത്തതായി രേഖപ്പെടുത്തിയെങ്കിലും ആ തുക അക്കൗണ്ടിൽ വന്നിട്ടില്ലെന്ന് ലഘുലേഖയിൽ ആരോപിക്കുന്നു.
സഞ്ജീവ് മെമ്മോറിയൽ ക്വിസ് മൽസരത്തിന്റെ പ്രൈസ് മണി ആകെ 25,000 രൂപയാണ്. അസോസിയേഷൻ കണക്കിൽ അത് 95,000 രൂപ എന്ന് രേഖപ്പെടുത്തിയതിൽ 70,000 രൂപയുടെ ക്രമക്കേടുണ്ട്.
യാത്രാബത്ത രണ്ടു ഹെഡ്ഡുകളിലായി 46,823 രൂപയെന്ന് ആഡിറ്റിൽ പരാമർശിക്കുമ്പോൾ, ബഡ്‌ജറ്റിൽ യഥാർത്ഥമെന്ന് രേഖപ്പെടുത്തുന്നത് 19,558 രൂപ മാത്രം. 27,265 രൂപയുടെ വ്യത്യാസം. വി.ജെ.ടി ഹാൾ വാടകയ്ക്കെടുത്തതിന്റെ സെക്യൂരിറ്റി തുക തിരികെ ലഭിച്ചതും വരവിൽ ഉൾപ്പെടുത്തിയില്ല. ആഡിറ്റ് പത്രിക പ്രകാരം വരവ് 28,87,925 രൂപയാണെങ്കിലും യഥാർത്ഥ വരവ് 30,40,925 രൂപയാണ്. ആഡിറ്റ് ചെയ്ത അക്കൗണ്ടുകൾ പ്രകാരം ബാങ്ക് ബാലൻസ് 39,232 രൂപയും കാഷ് ബാലൻസ് 991 രൂപയും അടക്കം ചെലവ് 28,87,925 രൂപയാണ്. എന്നാൽ ചെലവിനങ്ങൾ കൂട്ടിയാൽ 25,69,155 രൂപയേ വരൂ. 3,18,770 രൂപ വ്യത്യാസം കാണുന്നു. വായ്പയിലും ക്രമക്കേട് കാട്ടിയെന്ന് ലഘുലേഖയിൽ എതിർപക്ഷം ആരോപിച്ചു.
ഒരു വർഷത്തോളമായി അസോസിയേഷനിൽ പുകയുന്ന വിഭാഗീയത സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ പൊട്ടിത്തെറിയിലെത്തി. കഴിഞ്ഞ ജൂണിൽ ഉമ്മൻ ചാണ്ടിയുടെ പി.എ അബ്ദുൾ ഖരീം വിരമിച്ചപ്പോൾ പ്രത്യേകമായി യാത്രയയപ്പ് നൽകിയ മുൻ പ്രസിഡന്റ് ഇർഷാദ് എം.എസിനെ രണ്ട് മാസത്തേക്ക് സംഘടനയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇപ്പോഴും ഇർഷാദിനെ തിരിച്ചെടുത്തിട്ടില്ല. ഉമ്മൻചാണ്ടി നിരവധി തവണ നിർദ്ദേശിച്ചിട്ടും അസോസിയേഷൻ നേതൃത്വം അവഗണിച്ചെന്നാണ് ആക്ഷേപം.
കഴിഞ്ഞ ജൂലായിൽ നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തിന് 495 ഉം എതിർവിഭാഗത്തിന് 448 ഉം വോട്ട് ലഭിച്ചിരുന്നു. എതിർവിഭാഗത്തിന് വൈസ് പ്രസിഡന്റും സെക്രട്ടറിയുമടക്കം 3 ഭാരവാഹികളെയും വിജയിപ്പിക്കാനായി. എന്നാൽ തങ്ങളെ അറിയിക്കാതെയാണ് കണക്കുകൾ പാസാക്കിയതെന്നാണ് ഇവരുടെ വാദം. അസോസിയേഷൻ അക്കൗണ്ട് നിഷ്പക്ഷ ആഡിറ്റർമാരെക്കൊണ്ട് ആഡിറ്റ് നടത്തുക, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പുറത്ത് വിടുക, ക്രമക്കേടിന് ഉത്തരവാദികൾ ഭാരവാഹിത്വം ഒഴിഞ്ഞ് അന്വേഷണം നേരിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലഘുലേഖ.
സസ്പെൻഷൻ ഇവർക്ക്
എ. സുധീർ, എം.എം. ജസീർ, വി.ഡി. പ്രസന്നകുമാർ, ജി. അജയകുമാർ, കെ. ശരത്കുമാർ, കെ. രമേശൻ.