2

വിഴിഞ്ഞം: റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഗതിമാറ്റി വിട്ട കനാലിന്റെ ബണ്ട് പൊട്ടി സമീപത്തെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടുകാൽ വേങ്ങപ്പൊറ്റയിലാണ് സംഭവം. കഴകൂട്ടം - കാരോട് ബൈപ്പാസിന്റെ പണി പുരോഗമിക്കുന്ന ഭാഗത്ത് ഗതിമാറ്റി വിടുന്നതിനായി നിർമിച്ച കനാൽ ബണ്ടാണ് തകർന്നത്. ഇതിനു സമീപം താമസിച്ചിരുന്ന വേങ്ങപ്പൊറ്റ വടക്കേത്തട്ട് ചൂണ്ടവിളാകത്ത് വീട്ടിൽ ശിശുപാലനും കുടുംബവുമാണ് രക്ഷപ്പെട്ടത്. ബണ്ട് പൊട്ടി വെള്ളം ഒഴുകിയെത്തുന്നതു കണ്ട ശിശുപാലൻ കുഞ്ഞുങ്ങളെയുമെടുത്ത് വീട്ടുകാരോടൊപ്പം അയൽ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ പുറത്തിറങ്ങിയപ്പോൾ തന്നെ കുത്തിയൊഴുകി എത്തിയ വെള്ളത്തിൽ വീട് പകുതിയും മുങ്ങി. വിവരമറിയിച്ചതിനെ തുടർന്ന് വാട്ടർ അതോറിട്ടി അധികൃതർ എത്തി ഷട്ടർ അടച്ച് ജലമൊഴുക്ക് തടഞ്ഞു. ബണ്ടിൽ കെട്ടി നിൽക്കുന്ന ജലം ഇപ്പോഴും ഭീക്ഷണിയുയർത്തുകയാണ്. ഇത് പൊട്ടിയാൽ സമീപത്തെ മറ്റു വീടുകൾക്കും ഭീഷണിയാകും. കനാലിന്റെ അശാസ്ത്രീയ നിർമ്മാണവും ബണ്ടിന്റെ ബലക്കുറവുമാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. ബൈപ്പാസ് നിർമ്മാണ ഭാഗമായി ആദ്യം ഈ വീട് ഏറ്റെടുക്കാൻ നടപടികളായെങ്കിലും പിന്നീട് ഒഴിവാക്കിയതായി വീട്ടുടമ പറയുന്നു. തകർച്ചാഭീഷണി നേരിടുന്ന വീട് ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന് ശിശുപാലൻ ആവശ്യപ്പെട്ടു.