പാറശാല: മഹേശ്വരം ശിവപാർവതി ക്ഷേത്രം മതേതരത്തിന് മാതൃകയാണെന്നും എല്ലാ ജാതി മതസ്ഥർക്കും വന്നുപോകാൻ കഴിയുന്ന തീർത്ഥാടന കേന്ദ്രമായി മാറട്ടെയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ക്ഷേത്രത്തിൽ ശിവരാത്രി സമ്മേളനവും മാതൃസമ്മേളനവും ഉമ്മൻചാണ്ടിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും ചേർന്ന് ഉദ്‌ഘാടനം ചെയ്‌തു.
111 അടി ഉയരമുള്ള മഹാശിവലിംഗം സ്ഥിതിചെയ്യുന്ന ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനം കൈക്കൊണ്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും ക്ഷേത്രത്തെ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മഹേശ്വരം ക്ഷേത്ര ദർശനം ലോകത്തിന് ശാന്തിയും സമാധാനവും നൽകുമെന്ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയും അഭിപ്രായപ്പെട്ടു. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായി. കെ. വിൻസെന്റ് എം.എൽ.എ, നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ. ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഡി.സി.സി സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയൻ, ജില്ല ചുമട്ടു തൊഴിലാളി യൂണിയൻ സഹകരണ സംഘം പ്രസിഡന്റ് വി. കേശവൻകുട്ടി, ഉദിയൻകുളങ്ങര ഗോപാലകൃഷ്‌ണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.കെ. ഹരികുമാർ, യജ്ഞസമിതി കൺവീനർ പള്ളിമംഗലം പ്രേംകുമാർ എന്നിവർ സംസാരിച്ചു.