തിരുവനന്തപുരം: സൂര്യതാപത്തെ നേരിടാൻ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം കൂടി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഡോ. ആർ.എൽ. സരിത, അഡീഷണൽ ഡയറക്‌ടർ ഡോ. മീനാക്ഷി എന്നിവർ പങ്കെടുത്തു.
അവബോധത്തിനും പ്രതിരോധത്തിനും ചികിത്സയ്‌ക്കും ഒരുപോലെ മുൻഗണന നൽകുന്ന പദ്ധതികൾക്ക് രൂപം നൽകിയെന്നും ഡെങ്കിപ്പനി, കോളറ, ചിക്കൻപോക്‌സ് തുടങ്ങിയ പകർച്ചവ്യാധികളെ തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ
സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ തണുത്ത സ്ഥലത്തേയ്‌ക്ക് മാറി വിശ്രമിക്കണം.
ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക.
തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്‌ക്കുക.
ഫാൻ, എ.സി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക.
ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിൻവെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിക്കുക
ഫലങ്ങളും സാലഡുകളും കഴിക്കുക.
പൊള്ളിയ ഭാഗത്ത് കുമിളകൾ പൊട്ടിക്കരുത്.
ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്‌താൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.
സൂര്യതാപമേറ്റുള്ള താപ ശരീര ശോഷണം
സൂര്യാഘാതത്തെക്കാൾ കുറച്ചു കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപമേറ്റുളള താപ ശരീര ശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.