തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷം സ്‌കൂൾ ക്ലാസുകൾക്ക് 203 പ്രവൃത്തി ദിവസങ്ങളായി കുറയ്ക്കാൻ

ഇന്നലെ ചേർന്ന ക്യു.ഐ.പി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 17, 24, 31, ഒക്ടോബർ 5, 2020 ജനുവരി 4, ഫെബ്രുവരി 22 എന്നീ ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കും. അദ്ധ്യയന വർഷം ജൂൺ 3ന് ആരംഭിക്കും. മുസ്ലിം സ്‌കൂളുകളിൽ ജൂൺ ആറിനാകും അദ്ധ്യയന വർഷം തുടങ്ങുക. ആറാം പ്രവൃത്തി ദിവസ കണക്കെടുപ്പ് 10ന് നടക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി ഏപ്രിലിൽ അദ്ധ്യാപകർ കുട്ടികളുടെ ഗൃഹസന്ദർശനം നടത്തും. ഒന്നാം പാദവാർഷിക പരീക്ഷ ആഗസ്റ്റ് 27 മുതൽ സെപ്തംബർ 27 വരെ നടക്കും.

അർദ്ധവാർഷിക പരീക്ഷ ഡിസംബർ 11 മുതൽ 20 വരെയും 1 മുതൽ 9 വരെ ക്ലാസുകൾക്കുള്ള വാർഷിക പരീക്ഷ മാർച്ച് 4 മുതൽ 13 വരെയും നടക്കും. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 20 മുതൽ 28 വരെ നടക്കും. സെപ്തംബർ 6 മുതൽ 15 വരെയാണ് ഓണാവധി. ഡിസംബർ 20 മുതൽ 29 വരെയാണ് ക്രിസ്മസ് അവധി. നവംബർ 1 മുതൽ 3 വരെ ശാസ്ത്രോത്സവവും ഒക്ടോബർ 18 മുതൽ 20 വരെ സ്‌പെഷ്യൽ കലോത്സവവും കായിക മേളയും നടക്കും.

സ്കൂൾ കലോത്സവങ്ങൾ ഒക്ടോബർ 18 മുതൽ 26 വരെ നടത്തും. സബ് ജില്ല കലോത്സവം ഒക്ടോബർ അവസാന വാരവും, ജില്ലാ കലോത്സവം നവംബർ ആദ്യവാരവും നടക്കും. 2020ലെ എൽ.എസ്.എസ് പരീക്ഷ ജനുവരിയിൽ നടത്താനും തീരുമാനിച്ചു.