മൂവാറ്റുപുഴ: തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ അമ്പലക്കാളയുടെ കുത്തേറ്റ് പോത്താനിക്കാട് ഇല്ലിച്ചുവട് മയിലാടുംപാറയിൽ മാത്യൂസ് ജോസഫ് (61) മരിച്ചു. വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ ഇന്നലെ വൈകിട്ടാണ് സംഭവം.ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ പണിക്ക് എത്തിയതാണ് മാത്യൂസ് ജോസഫും രണ്ടു സുഹൃത്തുക്കളും.കാളയെ മാറ്റിക്കെട്ടിയ ശേഷം തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ , കെട്ടഴിഞ്ഞ കാള ഇദ്ദേഹത്തെ കുത്തിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം. കൈയ്ക്കും നെഞ്ചിനും പരിക്കേറ്റിരുന്നു . ക്ഷേത്രത്തിലെ കാളകളെയും പശുക്കളെയും പരിപാലിക്കുന്നവർ ബലിതർപ്പണത്തിന് പോയിരിക്കുകയായിരുന്നു. തൊഴുത്ത് ശുചീകരിക്കാൻ മാത്യൂസ് ജോസഫിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്നു പറയുന്നു .ഭാര്യ ഗ്രേസി. മക്കൾ: ജിജോ, ജിൻസ്, ജിസി.