2019-election

തിരുവനന്തപുരം: കാസർകോട് എം.പി പി. കരുണാകരൻ ഒഴിച്ചുള്ള സിറ്റിംഗ് എം.പിമാരെയെല്ലാം വീണ്ടും കളത്തിലിറക്കാൻ സി.പി.എമ്മിൽ ധാരണയായി. ചാലക്കുടി എം.പി ഇന്നസെന്റിന്റെ ആരോഗ്യപ്രശ്നം നോക്കി അദ്ദേഹത്തിന്റെ തീരുമാനത്തിന് വിടാനാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ തീരുമാനം. യോഗത്തിൽ ധാരണയായ സാദ്ധ്യതാ പാനൽ ഇന്ന് ജില്ലാ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യും. ജില്ലാകമ്മിറ്റികളുടെ അംഗീകാരത്തോടെ നാളെ സംസ്ഥാനകമ്മിറ്റി ചർച്ച ചെയ്താവും അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനം.

കഴിഞ്ഞ തവണ ജനതാദൾ-എസിന് അനുവദിച്ച കോട്ടയം ഇക്കുറി സി.പി.എം ഏറ്റെടുക്കും. 16 സീറ്റിൽ സി.പി.എമ്മും നാലിടത്ത് സി.പി.ഐയും എന്ന നിലയിലേക്കാണ് നീങ്ങുന്നത്.

പത്തനംതിട്ടയുടെ കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. മഹാരാഷ്ട്രയിൽ എൻ.സി.പി സഖ്യത്തിൽ സി.പി.എമ്മിന് സീറ്റ് നൽകുന്ന സ്ഥിതിക്ക് കേരളത്തിൽ അവർക്ക് തിരിച്ചൊരു സീറ്റ് നൽകുന്നെങ്കിൽ അത് പത്തനംതിട്ടയാവുമെന്ന് പ്രചരണമുണ്ടെങ്കിലും 16 സീറ്റിൽ പാർട്ടി മത്സരിക്കുമെന്നാണ് സി.പി.എം വൃത്തങ്ങൾ വിശദീകരിക്കുന്നത്. ജനാധിപത്യ കേരള കോൺഗ്രസിലെ കെ. ഫ്രാൻസിസ് ജോർജിനെ അവിടെ പരിഗണിക്കുമോയെന്നതിലും ആകാംക്ഷയുണ്ട്. പത്തനംതിട്ടയുടെ കാര്യത്തിൽ തീരുമാനം ഇന്നോ നാളെയോ ഉരുത്തിരിയാനാണിട. ഉഭയകക്ഷി ചർച്ചകളും നടക്കുന്നുണ്ട്.

ധാരണയനുസരിച്ച് പി.കെ. ശ്രീമതി (കണ്ണൂർ)​,​ പി.കെ. ബിജു (ആലത്തൂർ)​,​ എം.ബി. രാജേഷ് (പാലക്കാട്)​,​ ജോയ്സ് ജോർജ് (ഇടുക്കി)​,​ എ. സമ്പത്ത് (ആറ്റിങ്ങൽ)​ എന്നിവരാണ് വീണ്ടും മത്സരിക്കുക. കാസർകോട്ട് പി. കരുണാകരന് പകരം മുൻ ജില്ലാ സെക്രട്ടറിയും മുൻ തൃക്കരിപ്പൂർ എം.എൽ.എയുമായ കെ.പി. സതീഷ് ചന്ദ്രൻ സ്ഥാനാർത്ഥിയാകും. വടകരയിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറി പി. സതീദേവി,​ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്,​ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായ എം.വി. ജയരാജൻ എന്നിവരാണ് സാദ്ധ്യതാപട്ടികയിൽ. പി.എ. മുഹമ്മദ് റിയാസ്,​ എ. പ്രദീപ്കുമാർ എം.എൽ.എ (കോഴിക്കോട്)​,​ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു (മലപ്പുറം)​,​ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ്,​ ഇന്നസെന്റ് (എറണാകുളം)​,​ ഇന്നസെന്റ്,​ പി. രാജീവ് (ചാലക്കുടി)​,​ അരൂർ എം.എൽ.എ എ.എം. ആരിഫ് (ആലപ്പുഴ)​,​ ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ പഞ്ചായത്തംഗവുമായ ഡോ. സിന്ധുമോൾ ജേക്കബ് (കോട്ടയം)​,​ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ (കൊല്ലം)​ എന്നിവരാണ് സാദ്ധ്യതാപട്ടികയിൽ. പൊന്നാനിയിലേക്ക് പൊതുസ്വതന്ത്രനെ പരിഗണിക്കുന്നു.