തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അച്ഛനമ്മമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് അന്വേഷണം മുന്നോട്ട് പോകണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ശരത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ധീരസ്മൃതിയാത്ര തിരുവനന്തപുരത്ത് അവസാനിച്ചപ്പോൾ ഗാന്ധി പാർക്കിൽ നടന്ന സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ കേരളത്തിലെ മുഴുവൻ ജനങ്ങളും ജീവൻ കൊടുത്ത് അതിനെ എതിർക്കും.
പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ കേസെടുത്ത കോടതി ഭരണഘടന നൽകുന്ന ജീവിക്കാനുള്ള അവകാശം കവർന്നെടുത്ത കുറ്റവാളികൾക്കും അവരെ സംരക്ഷിക്കുന്ന സർക്കാരിനുമെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച വി.എം. സുധീരൻ ചോദിച്ചു. ഡീൻ കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു. എം.എം ഹസൻ, ശശി തരൂർ, വി.എസ് ശിവകുമാർ, എം.വിൻസന്റ്, ഷാഫി പറമ്പിൽ, കെ.എസ്. ശബരിനാഥൻ തുടങ്ങിയവർ സംസാരിച്ചു.