fire

കൊട്ടിയം: ഒന്നിച്ച് ജീവിക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിൽ കമിതാക്കൾ തീ കൊളുത്തി മരിച്ചു. ഇരവിപുരം ഇടക്കുന്നം വയലിൽ വീട്ടിൽ വിജയന്റെ മകൻ വിനീത് (26) സമീപവാസിയും ബന്ധുവിന്റെ ഭാര്യയുമായ രേഷ്‌മ (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയ്‌ക്ക് ആക്കോലിൽ പൊതുശ്മശാനത്തിന് പിന്നിൽ കാട് പിടിച്ചു കിടക്കുന്ന പുരയിടത്തിലായിരുന്നു സംഭവം.

അവിവാഹിതനായ വിനീതിന്റെ മാതൃ സഹോദരിയുടെ മകനായ പത്മകുമാറിന്റെ ഭാര്യയാണ് രേഷ്‌മ. പത്മകുമാറും വിനീതും മേസ്‌തിരി പണിക്കാരാണ്. വിനീതും രേഷ്‌മയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു. അടുത്തിടെ പത്മകുമാർ ഈ ബന്ധം അറിഞ്ഞതിനെ ചൊല്ലി വീട്ടിൽ ഇടയ്‌ക്കിടെ വഴക്ക് പതിവായി. പത്മകുമാർ - രേഷ്‌മ ദമ്പതികൾക്ക് ആറും അ‌ഞ്ചും രണ്ടും വയസുള്ള മൂന്ന് കുട്ടികളുണ്ട്. ഇന്നലെ മൂത്ത രണ്ട് കുട്ടികളെയും കൂട്ടി പത്മകുമാർ ഇരവിപുരം വയലിൽ മാടൻനടയിൽ ഉത്സവത്തിന് പോയി. ഒമ്പത് മണിയായപ്പോൾ രേഷ്‌മ പത്മകുമാറിനെ വിളിച്ച് അവ്യക്തമായി എന്തോ പറഞ്ഞ ശേഷം പെട്ടെന്ന് ഫോൺ വച്ചു.

പന്തികേട് തോന്നിയ പത്മകുമാർ ഉടൻ വീട്ടിലെത്തിയപ്പോൾ തൊട്ടിലിൽ ഉറങ്ങുകയായിരുന്ന ഇളയ കുട്ടിയെ കണ്ടു. ഈ സമയത്താണ് 100 മീറ്റർ അകലെയുള്ള പുരയിടത്തിൽ നിന്ന് തീ ഉയരുന്നതും തീ ഗോളത്തിന്റെ ആകൃതിയിൽ രണ്ട് പേർ ഓടുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പെട്രോളൊഴിച്ചാണ് ഇരുവരും തീ കൊളുത്തിയെതന്ന് സംശയിക്കുന്നു. തീയണച്ചപ്പോഴേക്കും വിനീതിന്റെ മരണം ഉറപ്പായിരുന്നു. ഇരുവരെയും ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. വിനീതിന്റെ മരണം സ്ഥിരീകരിച്ച ഡോക്‌ടർമാർ 80 ശതമാനത്തോളം പൊള്ളലേറ്റ രേഷ്‌മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെ മൂന്നിന് മരിച്ചു.