തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്ര് തങ്ങൾക്ക് തരാതെ സി.പി.എം ഏറ്രെടുത്തതിൽ ജനതാദളിൽ പ്രതിഷേധം പുകയുന്നു. 42 വർഷമായി ഇടതുപക്ഷ മുന്നണിയുടെ കൂടയുണ്ടായിരുന്ന തങ്ങളുടെ സീറ്ര് ഏറ്രെടുത്തതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽ നിന്ന് പാർട്ടി പ്രതിനിധിയെ പിൻവലിക്കാൻ വെള്ളിയാഴ്ച ചേരുന്ന ജനതാദൾ സംസ്ഥാന ഭാരവാഹി യോഗത്തിൽ ആവശ്യമുയരുമെന്നാണ് സൂചന. കോട്ടയം സീറ്റ് സി.പി.എം ഏറ്റെടുത്തതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് ശക്തമായ അമർഷമുണ്ട്. ഇപ്പോഴത്തെ നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും സീറ്റില്ലെങ്കിൽ പാർട്ടി പ്രതിനിധിയായ മന്ത്രി രാജി വച്ച് പ്രതിഷേധിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. സംസ്ഥാന ഭാരവാഹി യോഗത്തിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം. മുമ്പത്തെ ചരിത്രം ഓർമ്മിപ്പിച്ചാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നീക്കം.
2009ൽ ജനതാദളിന്റെ കൈവശമുണ്ടായിരുന്ന കോഴിക്കോട് സീറ്ര് വച്ചുകൈമാറി പുതുതായി രൂപീകരിച്ച വയനാട് സീറ്ര് തരാമെന്ന ഇടതുമുണണിയുടെ നിലപാട് എടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് എൽഡി.എഫ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാനായിരുന്നു ജനതാ ദൾ തീരുമാനിച്ചത്. ഇന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടിയായിരുന്നു അന്ന് പാർട്ടിയുടെ സെക്രട്ടറി ജനറൽ. ഇതേ തുടർന്ന് പാർട്ടിയുടെ മന്ത്രിയായ മാത്യു.ടി.തോമസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. അഞ്ച് എം.എൽ.എ മാരായിരുന്നു ജനതാ ദളിന് ഉണ്ടായിരുന്നത്. മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് പുറമേ സീറ്ര് കൈമാറിയതിൽ പ്രതിഷേധിച്ച് മുന്നണി വിടാനായിരുന്നു അന്ന് വീരേന്ദ്രകുമാറും കൃഷ്ണൻകുട്ടിയും ആവശ്യപ്പെട്ടത്. എന്നാൽ വലിയൊരു വിഭാഗം മുന്നണിയിൽ തുടരണമെന്നാവശ്യപ്പെട്ടു. ഇവർ മുന്നണിയിൽ തുടരുകയും മറുവിഭാഗം സോഷ്യലിസ്റ്ര് ജനതാദൾ ആവുകയും ചെയ്തു.
അന്ന് ഒരു സീറ്ര് കൈമാറി മറ്രൊരു സീറ്ര് തന്നപ്പോൾ മന്ത്രിസഭയിൽ നിന്ന് രാജിവച്ച പാർട്ടി ഇന്ന് ആകെയുള്ള ഒരു സീറ്ര് മുന്നണി നിഷേധിച്ചപ്പോൾ മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതിനാൽ മന്ത്രി കെ.കുഷ്ണൻകുട്ടി രാജിവയ്ക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.