കാസർകോട്: പാലക്കുന്ന് ഭരണി മഹോത്സവത്തിന് എത്തിയ വാദ്യസംഘത്തിൽപ്പെട്ടവരുടെ 11 മൊബൈൽ ഫോണുകളും 8000 രൂപയും കവർച്ച നടത്തി. നിർത്തിയിട്ടിരുന്ന മിനി ബസിൽ കയറിയാണ് മോഷണം നടത്തിയത്. നീലേശ്വരം തൈക്കടപ്പുറത്തെ ടി.വി. സൂരജിന്റെ നേതൃത്വത്തിലുള്ള വാദ്യസംഘത്തിന്റെ പണവും ഫോണുകളുമാണ് നഷ്ടപെട്ടത്.
മൊത്തം 1,28,000 രൂപയുടെ നഷ്ടം സംഭവിച്ചതായി സൂരജ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
വാദ്യസംഘം എത്തിയ കെ.എൽ 60 എ 277 നമ്പർ മിനി ബസ് ഉദുമ കഴിഞ്ഞു കളനാട് ഓവർബ്രിഡ്ജിന് സമീപമാണ് നിർത്തിയിട്ടത്. ശേഷം സംഘത്തിൽ എല്ലാവരും കാഴ്ചവരവിന്റെ കൂടെ ക്ഷേത്രത്തിലേക്ക് പോയിരുന്നു. പുലർച്ചെയോടെ തിരിച്ചെത്തി നോക്കിയപ്പോഴാണ് പണവും ഫോണും നഷ്ടപെട്ടതായി കണ്ടെത്തിയത്. സൂരജിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി