pj-joseph

കോട്ടയം: കേരള കോൺഗ്രസ് -എമ്മിന് ഒരു സീറ്റ് മാത്രമേയുള്ളുവെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ മാണി ഗ്രൂപ്പിൽ ഭിന്നത രൂക്ഷമായി. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് കടുംപിടുത്തം തുടരുന്നതോടെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. കേരള കോൺഗ്രസിലെ പടലപിണക്കം യു.ഡി.എഫിന് പല മണ്ഡലങ്ങളിലും ദേഷമുണ്ടാവുമെന്ന ഭയത്താലാണ് കോൺഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും പി.ജെ.ജോസഫിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത്.

ഇതിനിടയിൽ ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ്ജ് പി.ജെ.ജോസഫിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. അതേസമയം കോട്ടയത്ത് സ്ഥാനാർത്ഥിയെ നിർണയിക്കാൻ നാളെ വൈകുന്നേരം കോട്ടയം കേന്ദ്ര ഓഫീസിൽ പാർലമെന്ററി പാർട്ടി യോഗം കെ.എം.മാണി വിളിച്ചുചേർത്തിട്ടുണ്ട്.

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവർ ഇന്നലെ കെ.എം മാണിയുമായും പി.ജെ ജോസഫുമായും പ്രത്യേകം ചർച്ച നടത്തിയിരുന്നു. ഇന്ന് വീണ്ടും മുല്ലപ്പള്ളി പി.ജെ.ജോസഫുമായി സംസാരിക്കുമെന്നാണ് അറിയുന്നത്. ഇക്കുറി

അധികസീറ്റ് ലഭിക്കില്ലെന്ന് കെ.എം.മാണിക്കും ജോസഫിനും നേരത്തെതന്നെ അറിയാമായിരുന്നുവത്രെ. പാർട്ടിയിലെ ഭിന്നത ഒഴിവാക്കാനാണ് അവസാന നിമിഷം വരെ രണ്ടു സീറ്റിനായി അവകാശവാദം ഉയർത്തിക്കൊണ്ടിരുന്നത്.

ഒരു സീറ്റ് ലഭിച്ചാൽ അത് തനിക്കുവേണമെന്ന ജോസഫിന്റെ നിലപാടിനോട് മാണിക്ക് യോജിക്കാനാവുമായിരുന്നില്ല. കോട്ടയം സീറ്റ് ഒരു കാരണവശാലും ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുക്കില്ലെന്നും മാണി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എൽ.ഡി.എഫിൽ കോട്ടയം സീറ്റ് സി.പി.എമ്മിന് വിട്ടുകൊടുക്കാൻ ഏകദേശ ധാരണയായെങ്കിലും കേരള കോൺഗ്രസിലെ കലഹം മുതലെടുക്കാൻ എൽ.ഡി.എഫ് കാത്തിരിക്കയാണ്. ജോസഫിന്റെ നീക്കം എങ്ങനെ പോവുമെന്നാണ് എൽ.ഡി.എഫ് ഉറ്റുനോക്കുന്നത്. ജനാധിപത്യ കേരള കോൺഗ്രസുമായി പി.ജെ ജോസഫ് കൈകൊടുത്താൽ കോട്ടയത്ത് ജോസഫ് മത്സരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നു.