തിരുവനന്തപുരം: ഹോട്ടലിൽ ബഹളം വച്ചതറിഞ്ഞെത്തിയ പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവിനെ ഫോർട്ട് പൊലീസ് പിടികൂടി. ചാക്ക സ്വദേശി സന്തോഷാണ് പിടിയിലായത്. ഇന്ന് പുലർച്ചെ 1.30 ഓടെ അട്ടക്കുളങ്ങരയിലെ ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയ സംഘവും സന്തോഷുമായി ഇരിപ്പിടത്തെച്ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയായി. ഹോട്ടൽ ജീവനക്കാരും മറ്റുളളവരും ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി ഇരുകൂട്ടരെയും പിന്തിരിപ്പിക്കുന്നതിനിടെ പൊലീസിന് നേരെ കയർത്ത സന്തോഷ് എ.എസ്.ഐയുടെ യൂണിഫോം കീറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഉപദ്രവിച്ചതിനും യൂണിഫോം നശിപ്പിച്ചതിനും കേസെടുത്തതായി ഫോർട്ട് പൊലീസ് അറിയിച്ചു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.