കഴക്കൂട്ടം: സൈഡ് കൊടുത്തില്ലെന്നാരോപിച്ച് രാത്രി നടുറോഡിൽ ബൈക്ക് യാത്രക്കാരെ കാറിലെത്തിയ സംഘം ബിയർ കുപ്പിപൊട്ടിച്ചു കുത്തിപ്പരിക്കേൽപ്പിച്ചു. കുളത്തൂർ സ്വദേശി ഷൈൻ, സുഹൃത്ത് ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ കഴക്കൂട്ടം ബൈപ്പാസിലായിരുന്നു സംഭവം. കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന ഇവരുടെ പിന്നാലെ കാറിൽ വന്ന സംഘമാണ് അക്രമിച്ചത്.
ബൈക്കിന് കുറുകെ കാർ നിർത്തിയശേഷം ചാടിയിറങ്ങിയ സംഘം ബിയർ കുപ്പിക്ക് ശ്രീജിത്തിനെ അടിച്ച് വീഴ്ത്തി. അതിനുശേഷം ബൈക്ക് ഓടിച്ചിരുന്ന ഷൈനിന്റെ ചുമലിലും പുറത്തും കുപ്പിപൊട്ടിച്ച് തുരുതുരാ കുത്തുകയായിരുന്നു. നാലു കുത്തുകളേറ്റ ഷൈനിനെയും അടിയേറ്റ ശ്രീജിത്തിനെയും കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് വെളിപ്പെടുത്തി.