കൊല്ലം: തെന്മല പ്രിയ, റിയ എസ്റ്റേറ്റുകളിൽ നിന്ന് കരം സ്വീകരിച്ച നടപടിയിൽ കൊല്ലം ജില്ലാ കളക്‌ടർ ഡോ. എസ്. കാർത്തികേയൻ അനാവശ്യ തിടുക്കം കാട്ടിയെന്ന് റവന്യു വകുപ്പ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ വിജിലൻസ് പ്രത്യേക സെൽ അന്വേഷണം നടത്തുമെന്നാണ് വിവരം. സർക്കാർ നിലപാടിന് വിരുദ്ധമായാണ് പ്രിയ, റിയ എസ്റ്റേറുകളിൽ നിന്ന് കരം സ്വീകരിച്ചതെന്ന ഒരു പരാതിയെ തുടർന്ന് നേരത്തെ റവന്യും വകുപ്പ് കളക്‌ടറോട് അടിയന്തര റിപ്പോർട്ട് അവശ്യപ്പെട്ടിരുന്നു.ഈ റിപ്പോർട്ട് പരിഗണിച്ചപ്പോഴാണ് കളക്ടർ വിഷയത്തിൽ അനാവശ്യ തിടുക്കം കാട്ടിയതെന്ന വിവരം സർക്കാരിന് ബോധ്യമായത്.
ജനുവരി അഞ്ച്, ഫെബ്രുവരി പത്ത് തീയതികളിലായിട്ടാണ് റിയ, പ്രിയ എസ്റ്റേറ്റിന്റെ കൈവശമുളള ഭൂമിയുടെ കരം സ്വീകരിച്ചത്.
കൊല്ലം തെന്മലയിലെ റിയ എസ്റ്റേറ്റിന്റെ കൈവശമുളള 83.32 ഹെക്ടർ ഭൂമിയുടെ നികുതി തെന്മല വില്ലേജ് ഓഫീസറാണ് സ്വീകരിച്ചത്.
റിയ എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാൻ കഴിഞ്ഞ സെപ്‌റ്റംബറിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഉപാധികളോടെ മാത്രമെ നികുതി സ്വീകരിക്കാനാകൂ എന്നായിരുന്നു റവന്യൂ മന്ത്രിയുടെ നിലപാട്. റിയാ എസ്റ്റേറ്റിന്റെ കരം സ്വീകരിച്ച നടപടിയിലാണ് ജില്ലാ കളക്ടറോട് റവന്യൂ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ഫെബ്രുവരി ഒമ്പതിനാണ് പ്രിയ എസ്റ്റേറ്റ് അധികൃതർ കരം സ്വീകരിക്കണമെന്ന അപേക്ഷ കളക്‌ടർക്ക് നൽകിയത്.
അപേക്ഷ സ്വീകരിച്ച് പിറ്രേന്ന് തന്നെ കരം ഒടുക്കിക്കൊടുക്കാൻ കളക്‌ടർ നിർദേശം നൽകിയെന്നാണ് വിവരം. തഹസിൽദാറുടെ കുറിപ്പോടെയാണ് വില്ലേജ് ഓഫീസർ കരം സ്വീകരിച്ചതത്.
പ്രിയ എസ്റ്റേറ്റിന് കരം ഒടുക്കിയ നടപടിയിൽ വില്ലേജ് ഓഫീസറെ ബലിയാടാക്കി ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. കളക്‌ടർ നിർദേശിച്ചതനുസരിച്ചാണ് പ്രിയ എസ്റ്റേറ്റിന് കരം ഒടുക്കിയതെന്ന് നൽകിയതെന്ന് വില്ലേജ് ഓഫീസർ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വില്ലേജ് ഓഫീസറെ കഴിഞ്ഞ ആഴ്‌ച്ച സ്ഥലം മാറ്റിയിരുന്നു.