തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിന് കഴിഞ്ഞ പത്ത് വർഷമായി 'സമ്പത്ത് കാല'മാണ്. പ്രവർത്തന മികവിലൂടെ ജനമനസു കീഴടക്കിയ എ. സമ്പത്തിന് മൂന്നാമൂഴം അനുവദിക്കാൻ സി.പി.എമ്മിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നില്ല. അതേസമയം, സമ്പത്തിനെ നേരിടാൻ കോൺഗ്രസ് ഇത്തവണ അടൂർ പ്രകാശെന്ന അതികായനെ ഇറക്കുമെന്ന് ഏറക്കുറെ ഉറപ്പായതോടെ ആറ്റിങ്ങൽ കാത്തിരിക്കുന്നത് ഇഞ്ചോടിഞ്ച് പോരിന്.
1996ൽ അന്നത്തെ ചിറയിൻകീഴ് മണ്ഡലത്തിലായിരുന്നു സമ്പത്തിന്റെ ആദ്യ ജയം. 98, 99, 2004 തിരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണിക്കു വേണ്ടി വർക്കല രാധാകൃഷ്‌ണനാണ് വിജയത്തേര് തെളിച്ചത്. 2009 ൽ ചിറയിൻകീഴ് മണ്ഡലം ആറ്റിങ്ങലെന്ന പേരു സ്വീകരിച്ചപ്പോൾ വീണ്ടും സമ്പത്ത് വിജയക്കൊടി നാട്ടി. 2014ലും വിജയം കൈവിട്ടില്ല.
മണ്ഡലത്തിലെ സമ്മതിദായകർ ഇത്തവണയും ഇടതു സ്ഥാനാർത്ഥിയായി സമ്പത്തിന്റെ പേര് വളരെ നേരത്തേ മനസിൽ കുറിച്ചിട്ടതാണ്. യു.ഡി.എഫ് അടൂരിനെ ഇറക്കുമെന്ന് ആദ്യം സൂചന വരികയും പിന്നീടത് ബലപ്പെടാതിരിക്കുകയും ചെയ്തപ്പോൾ അവരൊന്ന് സംശയിച്ചു. എന്നാലിപ്പോൾ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി കോളത്തിൽ അടൂർ പ്രകാശിന്റെ പേര് തെളിഞ്ഞിരിക്കുന്നു. നേതൃത്വം പച്ചക്കൊടി കാട്ടിയാൽ മത്സരിക്കുമെന്ന് അടൂരും വ്യക്തമാക്കിയിട്ടുണ്ട്.
ഈഴവ, നായർ സമുദായങ്ങൾക്ക് പ്രാമുഖ്യമുള്ള മണ്ഡലത്തിൽ മുസ്ലിം, നാടാർ വിഭാഗങ്ങളും നിർണായകമാണ്. പരമ പവിത്രമായ ശിവഗിരി ഗുരുദേവ മഹാസമാധിയാണ് മണ്ഡലത്തിലെ വലിയ പെരുമ. ഇപ്പറഞ്ഞ മേഖലകളിലെല്ലാം സമ്പത്തിനെപ്പോലെ സ്വാധീനം ചെലുത്താൻ കഴിയുന്ന ശക്തനാണ് കോന്നി എം.എൽ.എയും മുൻ മന്ത്രിയുമായ അടൂർ പ്രകാശ്. പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യവുമില്ലാത്ത സമ്മതൻ.
മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെയും പേരുകളാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് അയച്ചിട്ടുള്ളത്. പക്ഷേ, ഇക്കാര്യത്തിൽ ആർ.എസ്.എസ് താത്പര്യംകൂടി കണക്കിലെടുത്താവും അന്തിമ തീരുമാനം. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സന്നദ്ധനായാൽ ആറ്റിങ്ങൽ സീറ്റ് നിൽകണമെന്ന അഭിപ്രായവും ആദ്യം ഉയർന്നിരുന്നു.
വമ്പന്മാരെ വീഴ്‌ത്തിയും വാഴ്‌ത്തിയും
ഏറെ കൗതുകകരമാണ് ആറ്റിങ്ങൽ മണ്ഡലത്തിന്റെ ചരിത്രം. പ്രമാണിത്തത്തോടെ വന്ന് ഇവിടെ ദിഗ്വിജയം നേടിയവരുണ്ട്, അടി തെറ്റി തറപറ്റിയവരുമുണ്ട്. 15 തിരഞ്ഞെടുപ്പുകൾ കണ്ട മണ്ഡലത്തിൽ 1952 ൽ സ്വതന്ത്രനായിരുന്നു ജയം. അഞ്ചു തവണ കോൺഗ്രസ് വിജയം കൊയ്തപ്പോൾ, ഒമ്പതു തവണ വിജയക്കൊടി പാറിച്ചത് ഇടതുപക്ഷമാണ്. എ. സമ്പത്തിന്റെ പിതാവ് കെ. അനിരുദ്ധൻ മഹാനായ ആർ. ശങ്കറെ തോല്പിച്ച ചരിത്രം ആറ്റിങ്ങലിനുണ്ട്. അതേ അനിരുദ്ധനെ ആലപ്പുഴയിൽ നിന്നെത്തിയ യുവതുർക്കി വയലാർ രവി തകർത്തതും ചരിത്രം.
അസംബ്ളി തിരഞ്ഞെടുപ്പിൽ ഇടത് തരംഗം
സാധാരണക്കാർ എറെയുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. വർക്കല കടപ്പുറവും കായൽ മേഖലയും ഒരറ്റം കാക്കുമ്പോൾ അഗസ്ത്യമലയുടെ അടിവാരത്താണ് അങ്ങേത്തല എത്തുന്നത്. കയർ, കാർഷിക മേഖലകളാണ് മണ്ഡലത്തിലെ ജനങ്ങളുടെ മുഖ്യ ജീവനോപാധി. ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകളും തുറന്നു കിടക്കുന്നു. ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ട ഏഴ് അസംബ്ളി മണ്ഡലങ്ങളിൽ 2016ലെ തിരഞ്ഞെടുപ്പിൽ ആറും നേടിയത് എൽ.ഡി.എഫാണ്. യു.ഡി.എഫിന് ജയിക്കാനായത് അരുവിക്കരയിൽ മാത്രം.
അസംബ്ളി മണ്ഡലങ്ങൾ
വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട.
2014ലെ ഫലം
ഡോ. എ. സമ്പത്ത് (സി.പി.എം)...........3,92,478
ബിന്ദുകൃഷ്ണ (കോൺ)...............3,23,100
ഗിരിജാകുമാരി .എസ് (ബി.ജെ.പി).....90,528
ഭൂരിപക്ഷം.................69,378
വോട്ടർമാർ
ആകെ....................13,19,805
പുരുഷൻ................6,14,686
സ്ത്രീ......................7,05,109
ട്രാൻസ്ജെൻഡർ...10
പുതിയ വോട്ടർമാർ..9,835