തിരുവനന്തപുരം: ഇടതു മുന്നണി ഘടകകക്ഷികളുടെ പരിഭവത്തിന് തത്കാലം പരിഹാരമില്ല. 20 ലോക്‌സഭാ സീറ്റും സി.പി.എമ്മും സി.പി.ഐയും പങ്കിട്ടതോടെ മുന്നണിയിലെ സീറ്റു വിഭജനം പൂർണം.
കഴിഞ്ഞ തവണ ജനതാദൾ-എസിനു നൽകിയ കോട്ടയം സീറ്റ് സി.പി.എം തിരിച്ചെടുത്തു. എറണാകുളം ചോദിച്ചെങ്കിലും അവരെ ബുദ്ധിമുട്ട് പറഞ്ഞു മനസ്സിലാക്കി. പുതുതായി എത്തിയ ലോക്‌താന്ത്രിക് ജനതാദൾ വടകരയോ കോഴിക്കോടോ ആവശ്യപ്പെട്ടപ്പോഴും സി.പി.എം അതുതന്നെ പറഞ്ഞു: നിവൃത്തിയില്ല.
കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ട് ജനതാദൾ ഗ്രൂപ്പുകളുമായും എ.കെ.ജി സെന്ററിൽ കോടിയേരി, പിണറായി, മുന്നണി കൺവീനർ എ. വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിൽ ഉഭയകക്ഷി ചർച്ച. മന്ത്രി കെ. കൃഷ്ണൻകുട്ടി, മാത്യു ടി. തോമസ്, സി.കെ. നാണു, എ. നീലലോഹിതദാസ് എന്നിവർ പങ്കെടുത്തു. എൽ.ജെ.ഡിയുമായി ഇന്നലെ വൈകിട്ടു നടന്ന ചർച്ചയിൽ എം.വി. ശ്രേയാംസ് കുമാർ, ഡോ. വറുഗീസ് ജോർജ്, ഷെയ്‌ക് പി. ഹാരിസ് എന്നിവരാണ് പങ്കെടുത്തത്. എൻ.സി.പി പത്തനംതിട്ടയോ പൊന്നാനിയോ ആവശ്യപ്പെട്ടതും വെറുതെയായി. ഐ.എൻ.എല്ലും ജനാധിപത്യ കേരള കോൺഗ്രസും പ്രത്യേകിച്ച് സീറ്റുകൾ ആവശ്യപ്പെട്ടില്ല.