വിഴിഞ്ഞം: കടൽ കടന്നെത്തുന്ന വിനോദസഞ്ചാരികൾക്കായി കടൽത്തീരമൊരുങ്ങുന്നു. കോവളം തീരത്തെത്തുന്ന സഞ്ചാരികളുടെ പരാതികൾക്ക് പരിഹാരമായാണ് പുതിയ പദ്ധതികൾ ഒരുങ്ങുന്നത്.
കടൽസൗന്ദര്യത്തിനൊപ്പം സഞ്ചാരികൾക്കു തീര സൗന്ദര്യവും ആസ്വദിക്കാവുന്ന രീതിയിലാണ് പുതിയ നവീകരണങ്ങൾ.സഞ്ചാരികൾക്കു സായാഹ്നങ്ങൾ ചെലവിടാൻ തീരത്ത് ഇരിപ്പിടങ്ങൾ ഒരുങ്ങുന്നു. സാധാ ഇരിപ്പിടങ്ങൾക്കു പകരം ബോട്ട് മാതൃകയിൽ കസേരയും തെങ്ങിൻതടിയിൽ നടപ്പാലവും ഒപ്പം ലേസർ ഷോയും. കോവളം വിനോദ സഞ്ചാര തീരത്ത് രണ്ട് ഘട്ടങ്ങളിലായി 20 കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. കോവളത്തെ ഗ്രോവ് ബീച്ച്, സമുദ്രാ ബീച്ച്, ഹവ്വാ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. സ്വാഗത കവാടവും കൽമണ്ഡപങ്ങളും പൂന്തോട്ടങ്ങളും ഒക്കെയാകും ഇനി ഇവിടെ എത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത്.
തീരമണയുന്ന പദ്ധതികളും ചെലവും
ഒന്നാം ഘട്ടം:
1) യോഗടെക്ക്: 16.94 ലക്ഷം
2)ആധുനിക ശൗചാലയം: 47.62 ലക്ഷം
3) സ്വാഗത കവാടം: 18 ലക്ഷം
4) ഇരിപ്പിടങ്ങൾ: 19.69 ലക്ഷം
5) കഫേ: 20.7 ലക്ഷം
6)നടപ്പാതയും സൈക്കിൾട്രാക്കും: 27.87 ലക്ഷം
7)റോളർസ്കേറ്റിംഗ് ഏരിയ: 9.5 ലക്ഷം
8)പൊലീസ് ഔട്ട് പോസ്റ്റും ലൈഫ് ഗാർഡ് കിയോസ്‌ക്കും: 11.39 ലക്ഷം
9)സി.സി ടിവി: 21 ലക്ഷം
10)ആഡിയോ സംവിധാനം: 17.7 ലക്ഷം
11)തീരസംരക്ഷണഭിത്തി, ടെട്രോപോഡ് :3.6 കോടി
രണ്ടാം ഘട്ട പദ്ധതികൾ
128 കോടി ചെലവിൽ 13 അടി വീതിയിൽ രണ്ട് നടപ്പാതകൾ, 85 ലക്ഷം ചെലവിൽ ടെട്രോപോഡുകൾ, 40 ലക്ഷം ചെലവിൽ 40 ബീച്ച് വെണ്ടർ ബൂത്തുകൾ, 40 ലക്ഷം ചെലവിൽ ദിശാബോർഡുകൾ, 24 ലക്ഷം ചെലവിൽ ആറ് കൽമണ്ഡപങ്ങൾ, 18 ലക്ഷം ചെലവിൽ 120 ഗ്രാനൈറ്റ് ഇരിപ്പിടങ്ങൾ, 75 ലക്ഷത്തിന്റെ ഇടക്കല്ല് റോക്ക് ഗാർഡൻ പദ്ധതി, 11.39 ലക്ഷം ചെലവിൽ ലൈഫ് ഗാർഡ് കിയോസ്‌ക്കും ഔട്ട് പോസ്റ്റും, 10 ലക്ഷം ചെലവിൽ ബോട്ടിന്റെ ആകൃതിയിൽ 100 ഇരിപ്പിടങ്ങൾ, 35 ലക്ഷം രൂപയുടെ തെങ്ങിൻതടിപ്പാലം, 50 ലക്ഷത്തിന്റെ മാലിന്യ നിർമ്മാർജന ഹരിതമേഖല, 1.10 കോടിയുടെ ലേസർ ഷോ 2.58 കോടിയുടെ സോളാർ, സി.സി ടിവി പദ്ധതികൾ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.
ഫോട്ടോ : കോവളത്ത് നടപ്പാക്കുന്ന പദ്ധതികളുടെ മാസ്റ്റർ പ്ലാൻ