kalabhavan-mani

തിരുവനന്തപുരം: കലാഭവൻ മണിയുടെ അന്ത്യം സംഭവിച്ചതെങ്ങനെ? പ്രിയ കലാകാരൻ യാത്രയായിട്ട് മൂന്നു വ‌ർഷം പിന്നിടുമ്പോഴും ഈ ചോദ്യം ദുരൂഹത മാറാതെ അവശേഷിക്കുന്നു. കൊലപാതകമോ,​ അബദ്ധമോ,​ അതോ സ്വാഭാവികമായി സംഭവിച്ചതോ?​ കേസ് അന്വേഷിക്കുന്ന സി.ബി.ഐക്കും വ്യക്തത കൈവന്നിട്ടില്ലെന്നാണ് കേൾക്കുന്നത്.

മരണത്തിന് തൊട്ടുമുമ്പ് മണിക്കൊപ്പം ഉണ്ടായിരുന്ന ജാഫർ ഇടുക്കിയും സാബുമോനും അടക്കമുള്ള ഏഴ് ‌സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന സി.ബി.ഐയുടെ ആവശ്യം എറണാകുളം സി.ജെ.എം കോടതി അംഗീകരിച്ചിരുന്നു. അതിന്‌ തയ്യാറാണെന്ന് ഈ ഏഴു പേരും കോടതിയെയും സി.ബി.ഐയെയും അറിയിച്ചിട്ടുമുണ്ട്. ഈ മാസം നുണപരിശോധന നടത്താനാണ് സി.ബി.ഐയുടെ തീരുമാനം. എന്നാൽ,​ കൊലപാതകം എന്നുറപ്പിക്കുന്ന എന്തെങ്കിലും തെളിവ്‌ സി.ബി.ഐയുടെ പക്കലുണ്ടോ എന്ന് വ്യക്തമല്ല.

ചാലക്കുടിയിലെ പാഡി എന്ന ഔട്ട് ഹൗസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കലാഭവൻ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചതിന്റെ പിറ്റേദിവസമാണ് മരണം സംഭവിച്ചത്. സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനാണ് മണിയുടേത് കൊലപാതകമാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്.

ആന്തരികാവയവങ്ങളുടെ പരിശോധനയിൽ വിഷാംശം കണ്ടെത്തിയത് ദുരൂഹതയ്ക്ക് ബലം കൂട്ടി. സർക്കാർ നിയോഗിച്ച അന്വേഷണസംഘം പലരെയും ചോദ്യം ചെയ്തെങ്കിലും നിർണായക വിവരങ്ങളൊന്നും കിട്ടിയില്ല. തുടർന്ന് 2017 മേയിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം നിരവധി പേരെ ചോദ്യം ചെയ്തു. മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രവും ഏറെ സംശയങ്ങൾ അവശേഷിപ്പിച്ചാണ് അവസാനിക്കുന്നത്.