തിരുവനന്തപുരം: ഇന്ധന കുടിശികയെ തുടർന്ന് ഇന്ധനമില്ലാതെ ആംബുലൻസ് ഓട്ടം നിറുത്തിയതോടെ മെഡിക്കൽ കോളേജ് ആശുപത്രി എ.സി.ആർ ലാബിൽ നിന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലേക്ക് രക്ത സാമ്പിളുകൾ കൊണ്ടുപോകുന്നത് മുടങ്ങി. മുൻകൂർ പണം ഒടുക്കി റിസൾട്ട് വാങ്ങാനെത്തിയ രോഗികളും കൂട്ടിരിപ്പുകാരും പരിശോധനാഫലം എത്താത്തതിനെ തുടർന്ന് ലാബിൽ ബഹളംകൂട്ടി. കെ.എച്ച്. ആർ.ഡബ്ളിയു.എസിന്റെ നിയന്ത്രണത്തിലുള്ള എ.സി.ആർ ലാബിലെ ആംബുലൻസാണ് പണിമുടക്കിലായത്.
പ്രളയത്തിനിടെ വെള്ളത്തിൽ താണുപോയതിനെ തുടർന്ന് തകരാറിലായിരുന്ന ആംബുലൻസ് അടുത്തിടെയാണ് വർക്ക് ഷോപ്പിൽ നിന്ന് പുറത്തിറക്കിയത്. മുമ്പ് ഇന്ധനം നിറച്ച വകയിൽ അരലക്ഷത്തോളം രൂപ കുടിശികയുണ്ടായിരുന്നതിനാൽ പമ്പുകാർ ഡീസൽ നൽകാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ഇന്ധനമില്ലാത്തതിനാൽ ഓടാൻ കഴിയാതെ ആംബുലൻസ് കിടപ്പിലായതോടെ ആശുപത്രിയിൽ നിന്ന് കഴക്കൂട്ടത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക് നോളജിയിലേക്കുള്ള സാമ്പിളുകളുമായി പോകുന്നതാണ് മുടങ്ങിയത്. ദിവസവും രണ്ട് ഡസനലധികം സാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടുപോകാറുണ്ട്.
ആംബുലൻസ് ഓടാത്ത സാഹചര്യം കണക്കിലെടുത്ത് ജീവനക്കാരിലൊരാൾ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബൈക്കിൽ ഇവ കഴക്കൂട്ടത്തെത്തിക്കുകയായിരുന്നു. പമ്പിലെ കുടിശിക കൊടുത്ത് തീർക്കാൻ കെഎച്ച്.ആർ ഡബ്ളിയു.എസിലെ ഫിനാൻസ് ഓഫീസർക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. എസ്.എ.ടി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ രോഗികളാണ് ഇവിടെ പരിശോധനകൾക്കായി എത്തുന്നത്.
'' ഇന്ധന കുടിശിക ഉടൻ കൊടുത്ത് തീർത്ത് പ്രശ്ന പരിഹാരത്തിനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. താത്കാലികമായി സാമ്പിളുകളെത്തിക്കാൻ ഓഫീസിലെ ജീപ്പ് വിട്ടുനൽകിയിട്ടുണ്ട്. പമ്പിലെ കുടിശിക തീർക്കുന്നതോടെ ഇന്ധനം സാധാരണ നിലയിൽ ലഭിച്ചുതുടങ്ങും.
റീജിയണൽ മാനേജർ, കെ.എച്ച്. ആർ.ഡബ്ളിയു.എസ്