സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും സാമ്പത്തിക ഉന്നമനത്തിനെക്കുറിച്ചും എല്ലാറ്റിനുമുപരി പുരുഷനു തുല്യമായ സ്ഥാനമാനങ്ങളെക്കുറിച്ചും ഇന്ത്യയിൽ ശക്തമായി വാദിച്ചത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണ്. 1946 ഏപ്രിൽ 7 ന് സ്വന്തം പ്രസിദ്ധീകരണത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി : ''സ്ത്രീകളുടെ പ്രാഗത്ഭ്യമാണ് കണക്കാക്കേണ്ടത്, സ്ത്രീകളെ തഴയുന്ന കീഴ്വഴക്കമാണ് ഇന്ന്, പകരം അവർക്ക് മുൻഗണന കൊടുക്കണം. കഴിവുകൊണ്ട് പുരുഷന്മാരെ സ്ത്രീകൾ പുറത്താക്കുമെന്ന ഭീതി പുരുഷന്മാരിൽ ഉണ്ടാക്കണം. അതിനു സ്ത്രീകൾ പൊതു വിജ്ഞാനം നേടണം. സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വിലപിക്കുക അല്ല വേണ്ടത്. സ്ത്രീകളെ വോട്ടർമാരായി കൊണ്ടുവരണം. പരമാവധി സാധ്യമായ വിദ്യാഭ്യാസം അവർക്ക് നൽകണം. സ്വതന്ത്രമായി ചിന്തിക്കാൻ പഠിപ്പിക്കണം. ജാതി കെട്ടുപാടുകളിൽ നിന്നും മോചിതരാക്കണം. അവരിൽ സ്വയം ഒരു മാറ്റം വരുത്താൻ അവരെ ശക്തരാക്കണം."
ഇവിടെ ഒരു കാര്യം നമ്മൾ ഓർമ്മിക്കണം. തൊട്ടുകൂടായ്മയ്ക്കെതിരെയും അഹിംസക്കെതിരെയും ഉള്ള ഗാന്ധിജിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞാൽ സ്ത്രീശക്തിവത്കരണത്തിനായിരുന്നു അദ്ദേഹം പ്രാമുഖ്യം കൊടുത്തത്. അതിന്റെ ചരിത്രപരമായ ഉദാഹരണമായിരുന്നു 1930ൽ ഗാന്ധിജി സ്ത്രീകളെ സത്യാഗ്രഹത്തിൽ പങ്കെടുപ്പിച്ചത്. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു അറസ്റ്റു വരിച്ച 30000 പേരിൽ 17000 പേർ സ്ത്രീകളായിരുന്നു. ഇന്ത്യൻ ഭരണഘടനയിൽ സ്ത്രീകൾക്ക് വേണ്ടത്ര സംരക്ഷണം ഉൾക്കൊള്ളിക്കാൻ ഇതു കാരണമായിട്ടുണ്ട്. എങ്കിലും സ്വതന്ത്ര ഇന്ത്യയിൽ 50 ലേറെ നിയമങ്ങൾ സ്ത്രീകൾക്കായി വീണ്ടും സൃഷ്ടിക്കേണ്ടിവന്നു. സ്ത്രീകൾക്കെതിരായിട്ടുള്ള അതിക്രമങ്ങൾ രണ്ടു തരത്തിലാണ്. ഒന്ന് ബാഹ്യമായ അതിക്രമങ്ങളുടെ പാടുകൾ ദൃശ്യമാക്കുന്ന കുറ്റകൃത്യങ്ങൾ, മറ്റൊന്ന് മാനസിക പീഠനങ്ങൾ. ഈ രണ്ടാമതു പറഞ്ഞ ക്രൂരതയ്ക്ക് പ്രതിവിധി കണ്ടെത്താനുള്ള ശ്രമമാണ് നിയമജ്ഞരും ആരോഗ്യ പ്രവർത്തകരും നടത്തേണ്ടത്. നമ്മുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ''ബേട്ടീ ബച്ചാവോ, ബേട്ടീപഠാവോ പദ്ധതി"" സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. അവരുടെ ആരോഗ്യത്തെ ബാധിക്കാത്ത വിധമുള്ള ദൈനംദിന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ശൗചാലയ നിർമ്മാണം പോലുള്ള പദ്ധതികൾ ഇന്ത്യയിൽ നടപ്പാക്കി വരികയാണ്.
ബുദ്ധിയും കഴിവും സ്ത്രീകൾക്കാണ് കൂടുതൽ ഉണ്ടാകേണ്ടത്. ''X"" ക്രോമസോമുകളിൽ കൂടിയാണ് ബുദ്ധിശക്തിയെ ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറുന്നത്. രണ്ട് ''X"" ക്രോമസോമുകൾ ഉള്ള സ്ത്രീയാണ് ഒരു ''X"" ക്രോമസോമുള്ള പുരുഷനേക്കാൾ മുൻപന്തിയിൽ. ഈ ധാരണ പെൺകുട്ടികളിൽ വളർത്തിയെടുത്താൽ ''സ്ത്രീ ശാക്തീകരണം"" ചർച്ചകളിൽ മാത്രം ഒതുക്കി നിറുത്താതെ അതു പ്രാവർത്തികമാക്കി തീർക്കാൻ സാധിക്കും. സ്ത്രീപുരുഷ സമത്വത്തിന്റെ എല്ലാ തുറയിലുമുള്ള ആവശ്യം പ്രതിഫലിപ്പിച്ചുകൊണ്ടാണ് 2019ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം ''Think equal build smart, innovate for change"" എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
(ലേഖിക ശ്രീഗോകുലം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്നു.)