അടുത്ത അദ്ധ്യയനവർഷം ഹൈസ്കൂൾ-ഹയർ സെക്കൻഡറി തലംവരെ 203 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കുംവിധത്തിലുള്ള അദ്ധ്യയന കലണ്ടറിന് രൂപം നൽകിയിരിക്കുകയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥിരമായി കേൾക്കുന്ന പല്ലവിയാണിത്. ഇരുനൂറ് പ്രവൃത്തി ദിനങ്ങളെങ്കിലും നിർബന്ധമാക്കുംവിധത്തിലുള്ള കലണ്ടറുമായിട്ടാകും ജൂണിൽ വിദ്യാലയവർഷം തുടങ്ങുന്നത്. സ്കൂൾ തുറക്കേണ്ട താമസമേയുള്ളൂ പലവിധ കാരണങ്ങളാൽ അദ്ധ്യയനം മുടങ്ങാൻ. ഇരുനൂറുപോയിട്ട് നൂറ്റൻപതുദിവസം പോലും പല സ്കൂളുകൾക്കും അദ്ധ്യയനത്തിനായി ലഭിക്കാറില്ല. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് ഏറെ നഷ്ടമുണ്ടാകുന്നത്. സ്വകാര്യ സ്കൂളുകൾ അവധി ദിനങ്ങളിലും ക്ളാസുവച്ച് പാഠഭാഗങ്ങൾ തീർക്കും. എന്നാൽ പൊതുവിദ്യാലയങ്ങൾക്ക് ഇക്കാര്യത്തിൽ പരിമിതികൾ പലതാണ്.
കുട്ടികളെ പഠിക്കാൻ വിടാതെ പഠിപ്പുമുടക്കാൻ പ്രേരിപ്പിക്കുന്നതിൽ എല്ലാ കക്ഷികളും മത്സരത്തിലാണ്. വിദ്യാലയവർഷം തുടങ്ങുമ്പോൾത്തന്നെ പാർട്ടികൾ ഉൗഴം വച്ച് പഠിപ്പുമുടക്കുസമരവുമായി രംഗത്തെത്താറുണ്ട്. കുട്ടികൾ മാത്രമല്ല അദ്ധ്യാപകരും രാവിലെ സ്കൂളിലെത്തുന്നത് ഇന്ന് പഠിപ്പുമുടക്കുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടാവും. 203 പ്രവൃത്തിദിനങ്ങൾക്കായി സമയപ്പട്ടികയുണ്ടാക്കി കാത്തിരിക്കുമ്പോൾ ആദ്യം ഉറപ്പാക്കേണ്ടത് രാഷ്ട്രീയക്കാരുടെ പിന്തുണയും സഹായവുമാണ്. എന്തിന്റെ പേരിലായാലും പഠിപ്പുമുടക്ക് എന്നത് ഏറ്റവും അവസാനത്തെ സമരമുറയേ ആകാവൂ. വിദ്യാർത്ഥി സംഘടനകളുടെ പഠിപ്പുമുടക്കുകാരണം മുടങ്ങുന്ന സാദ്ധ്യായ ദിനങ്ങളുടെ പലമടങ്ങുവരും രാഷ്ട്രീയക്കാർ മത്സരിച്ചുനടത്തുന്ന ഹർത്താലുകൾ മൂലമുള്ള സ്കൂൾ സ്തംഭനം. പ്രാദേശികവും സംസ്ഥാനവ്യാപകവുമായ ഹർത്താലുകൾക്ക് പുറമേ ദേശീയ പണിമുടക്കും അദ്ധ്യയനദിനങ്ങൾ മുടക്കാറുണ്ട്. നടപ്പുവർഷത്തെ അവസാനപാദത്തിൽ എത്ര സാദ്ധ്യായ ദിനങ്ങൾ ലഭിച്ചെന്നു നോക്കിയാലറിയാം വിവിധ പ്രക്ഷോഭങ്ങളിൽപ്പെട്ട് നഷ്ടമായ സ്കൂൾ ദിനങ്ങൾ എത്രയെന്ന്. ഹർത്താലുകളിൽനിന്ന് പാൽ, പത്രം, ആശുപത്രികൾ എന്നിവയെ ഒഴിവാക്കാൻ ദയാവായ്പുകാണിക്കുന്നവർ വിദ്യാലയങ്ങളെയും ആ പട്ടികയിൽ ഉൾക്കൊള്ളിക്കേണ്ടതാണ്. പഠനകാലത്ത് തന്നെ കുട്ടികൾ രാഷ്ട്രീയവും പഠിക്കട്ടെ എന്നാണെങ്കിൽ അതിന് പാകതയും പക്വതയുമുള്ള കാലം സ്കൂൾ വിദ്യാഭ്യാസതലം കഴിഞ്ഞുള്ളതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
സ്കൂൾ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ക്ളാസുമുറികൾ ഹൈടെക്കായി മാറിക്കൊണ്ടിരിക്കുകയാണ്. പത്ത്, പന്ത്രണ്ട് പരീക്ഷാഫലങ്ങൾ ഒാരോ വർഷവും റെക്കാഡ് ഭേദിക്കുന്നു. തോൽക്കുന്നവർ ആരുമില്ലാത്ത സ്ഥിതിയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ നിലവാരത്തിന്റെ കാര്യം വരുമ്പോൾ സ്ഥിതി അത്രയൊന്നും അഭിമാനകരമല്ലെന്നാണ് വിദഗ്ദ്ധമതം. അടുത്തവർഷം 203 പ്രവൃത്തിദിനങ്ങൾ വേണമെന്ന തീരുമാനത്തെ എതിർക്കാനും അദ്ധ്യാപക സംഘടനകളുണ്ടായി എന്നത് വിസ്മരിക്കരുത്. ഇരുനൂറിനപ്പുറം പാടില്ലെന്നാണ് അവരുടെ വാദം. ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളാക്കിയാണ് 203 ദിവസത്തെ കലണ്ടർ രൂപപ്പെടുത്തിയിട്ടുള്ളത്. അവധി ദിനങ്ങൾ നഷ്ടപ്പെടാൻ അദ്ധ്യാപകർ തയ്യാറല്ല.
വിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കാനായി അടുത്തമാസം അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കാനുള്ള പരിപാടിയും ആവിഷ്കരിച്ചിട്ടുണ്ട്. സ്വാശ്രയ സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്കിന് സമീപകാലത്ത് ഒട്ടൊക്കെ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇല്ലാതായിട്ടില്ല. പൊതുവിദ്യാലയങ്ങളിൽ പഠിച്ചാൽ നേരെയാവില്ല എന്ന തെറ്റിദ്ധാരണയാണ് ഇതിനുകാരണം. മികച്ച അച്ചടക്കവും ഗുണനിലവാരവും പുലർത്തുന്ന അനവധി പൊതുവിദ്യാലയങ്ങൾ ഉണ്ട്. അവിടങ്ങളിലെല്ലാം പ്രവേശനം അത്ര എളുപ്പവുമല്ല. അദ്ധ്യാപകർ വിചാരിച്ചാൽ ഏത് സ്കൂളും ഇതേപോലെ ഉയർത്തിക്കൊണ്ടുവരാനാകും. ഗൃഹസന്ദർശനം അതിനായുള്ള ക്രിയാത്മക പരിപാടിയായി മാറ്റിയെടുക്കാൻ കഴിയണം.
സംസ്ഥാനത്തെ മദ്ധ്യവർഗ-ഇടത്തരം വിഭാഗങ്ങൾ മാത്രമല്ല, താഴേത്തട്ടിലുള്ള കുടുംബങ്ങളും മക്കളെ പഠിപ്പിക്കാൻ വേണ്ടി വരുമാനത്തിൽ നല്ലൊരു പങ്ക് ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. പൊതുവിദ്യാലയങ്ങൾ തൊട്ടടുത്തുണ്ടെങ്കിലും അങ്ങോട്ടുപോകാതെ ദൂരെയുള്ള സ്വാശ്രയസ്കൂളിൽ ദുർവഹമായ ഫീസ് നൽകി കുട്ടികളെ പഠിപ്പിക്കാൻ തയ്യാറാകുന്നത് മെച്ചപ്പെട്ട അച്ചടക്കവും ഉയർന്ന പഠന നിലവാരവും ഉദ്ദേശിച്ചാണ്. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകർ മാത്രം വിചാരിച്ചാൽ മതി രക്ഷാകർത്താക്കളുടെ ഇപ്പോഴത്തെ സമീപനം മാറ്റിയെടുക്കാനാവും. അർപ്പണബോധവും പ്രതിബദ്ധതയും കാണിക്കണമെന്നുമാത്രം. അടുത്തവർഷം മുതൽ എസ്.എസ്.എൽ.സി-ഹയർ സെക്കൻഡറി പരീക്ഷകൾ ഒരേ ദിവസങ്ങളിൽ നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. കലോത്സവങ്ങൾക്കും സ്പോർട്സിനുമുള്ള തീയതികളും മുൻകൂർ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്. ഇതൊക്കെ കൃത്യമായി പാലിക്കാനും കഴിയണം. തൊട്ടതിനും പിടിച്ചതിനുമൊക്കെ വിദ്യാലയങ്ങൾക്ക് അവധി നൽകുന്ന പ്രവണത അവസാനിപ്പിക്കാൻ സർക്കാരും മുന്നോട്ടുവരണം.