കാട്ടാക്കട: ഗ്രാമീണ മേഖലയിൽ കഞ്ചാവ് വില്പന നടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ച ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. കാട്ടാക്കട നക്രാംചിറ റോഡരികത്തുവീട്ടിൽ ജിപിനിനാണ് (26) ​വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി 11.50ഓടെ വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്ന ജിപിനെ വീടിന് സമീപം വച്ച് തടഞ്ഞുനിറുത്തി രണ്ടംഗ സംഘം വെട്ടി പരിക്കേല്പിക്കുകയായിരുന്നു. തലയ്‌ക്ക് മുറിവേറ്റ ജിപിനെ രാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. നക്രാംചിറ ഭാഗത്ത് കഞ്ചാവ് വില്പന നടക്കുന്നെന്ന് ജിപിൻ പ്രദേശവാസികളോട് പറഞ്ഞിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് വിരോധത്തിന് കാരണമെന്നും ജിപിൻ കാട്ടാക്കട പൊലീസിൽ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പേഴുംമൂട്, അഞ്ചുതെങ്ങിൻമൂട് സ്വദേശികളായ രണ്ടുപേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.