തിരുവനന്തപുരം: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് സർക്കാർ മെഡിക്കൽ കോളേജായതോടെ ഈ അദ്ധ്യയന വർഷം തന്നെ എം.ബി.ബിഎസ്., പി.ജി., ബി.ഡി.എസ്, ഡിപ്ലോമ കോഴ്‌സുകളിലെ സർക്കാർ സീറ്റുകൾ വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പരിയാരം കോഓപ്പറേറ്റീവ് മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുത്തുകഴിഞ്ഞു. വരുന്ന അദ്ധ്യയന വർഷം മുതൽ ഇവിടെ വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിൽ പഠിക്കാനുള്ള സാഹചര്യമൊരുക്കും.
ഈ വർഷത്തെ എം.ബി.ബി.എസ്., പി.ജി. മുതലായ കോഴ്‌സുകളുടെ പ്രവേശന നടപടികൾ വൈകാതെ ആരംഭിക്കേണ്ടതിനാൽ 11 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
പ്രിൻസിപ്പാൾ 1, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് 2, അക്കൗണ്ട് ഓഫീസർ 1, സീനിയർ സൂപ്രണ്ട് 3, ജൂനിയർ സൂപ്രണ്ട് 4 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്. എം.ബി.ബി.എസിന് 100 ഉം ബി.ഡി.എസിന് 60 ഉം സർക്കാർ സീറ്റുകളാണ് ലഭിക്കുക. എം.ഡി ജനറൽ മെഡിസിൻ, എം.ഡി ഡെർമറ്റോളജി, എം.ഡി പീഡിയാട്രിക്, എം.എസ്. ജനറൽ സർജറി, എം.എസ് ഓർത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലായി 74 സർക്കാർ പി.ജി സീറ്റുകളാണ് ലഭിക്കുന്നത്. കാർഡിയോളജി സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ ഒരു സീറ്റും ലഭിക്കും.
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ കാർഡിയോ തൊറാസിക് നഴ്‌സിംഗ്, ബി. ഫാം, ബി.എസ് സി എം.എൽ.ടി., ബി.എസ് സി. നഴ്‌സിംഗ്, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, റേഡിയോളജിക്കൽ ടെക്‌നോളജി, കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി, ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ജി.എൻ.എം. എന്നീ കോഴ്‌സുകളിൽ 300 ലേറെ സീറ്റുകളിലും സർക്കാർ ഫീസിൽ പഠിക്കാവുന്നതാണ്. പരിയാരം മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ്, അക്കാഡമി ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, കോളേജ് ഒഫ് നഴ്‌സിംഗ്, സ്‌കൂൾ ഒഫ് നഴ്‌സിംഗ്, സഹകരണ ഹൃദയാലയ, മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂൾ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാരാമെഡിക്കൽ സയൻസസ് എന്നീ എട്ടു സ്ഥാനങ്ങളാണ് അക്കാഡമിക്ക് കീഴിൽ പ്രവർത്തിച്ചുവരുന്നത്.
ഈ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിൽ പഠിക്കാൻ കഴിയുന്നതോടൊപ്പം മറ്റ് മെഡിക്കൽ കോളേജുകളെപ്പോലെ ജനങ്ങൾക്ക് സൗജന്യ ചികിത്സയും ലഭ്യമാകും.