കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിനെ രാജ്യത്തെ മാതൃകാ പഞ്ചായത്താക്കി മാറ്റുമെന്നും പ്രധാനമന്ത്രിയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതോടൊപ്പം കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പ് ഔദ്യാഗിക വെബ്സൈറ്റിൽ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഇടം നേടുമെന്നും പ്രൊഫ. റിച്ചാർഡ് ഹേ എം.പി പറഞ്ഞു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം പ്രൊഫ. റിച്ചാർഡ് ഹേ എം.പി പഞ്ചായത്തിനെ ആദർശ് സൻസദ് ഗ്രാമയോജന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഉദ്ഘാടനവും സി.എസ്.ആർ ഫണ്ടുകളുടെ കരാർ ഒപ്പിടലും കോവളം ആനിമേഷൻ സെന്ററിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്തിന് എം.പി. ഫണ്ടുപയോഗിച്ച് അനുവദിച്ച ആംബുലൻസിൻെറ താക്കോൽ ദാനവും ഇന്ത്യൻ ഓയിൽ കോർപറേഷൻ പഞ്ചായത്തിലെ ബഡ്സ് സ്കൂളിന് അനുവദിച്ച ഫണ്ടിന്റെ ധാരണാ പത്രം ഒപ്പ് വയ്ക്കൽ ചടങ്ങും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ് സ്വാഗതം പറഞ്ഞു. എം. വിൻസന്റ് എം.എൽ.എ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. എെ.ഒ.സി. ഡെപ്യൂട്ടി ഡി.ജി.എം. സി.എസ്.ആർ തോമസ് വർഗീസ് , വിപിൻ ആസ്റ്റിൻ, രാധാകൃഷ്ണമേനോൻ, സമ്പത്ത് കുമാർ, അപ്സരകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.