church-act-
ചർച്ച് ആക്ടുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായ് കൂടിക്കാഴ്ച്ചയ്ക്കെത്തിയ ക്രിസ്ത്യൻ സഭാ നേതാക്കളായ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം,കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ,താമരശ്ശേരി രൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയാൽ,ഫാ.യൂജിൻ എച്ച് പെരേര തുടങ്ങിയവർ

തിരുവനന്തപുരം: വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് നിയമപരിഷ്‌കാര കമ്മിഷൻ ബിൽ തയ്യാറാക്കിയത് സർക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരുന്നത് അജൻഡയിൽ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

പള്ളി സ്വത്ത് ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് തന്നെ കാണാനെത്തിയ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ, കെ.സി.ബി.സി അദ്ധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. സൂസപാക്യം, താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയേൽ, ഫാദർ യൂജിൻ എച്ച്. പെരേര എന്നിവരെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2006- 11ലെ എൽ.ഡി.എഫ് സർക്കാരിന് മുമ്പിൽ ഇത്തരമൊരു നിർദ്ദേശം അന്നത്തെ നിയമപരിഷ്‌കാര കമ്മിഷൻ ഉന്നയിച്ചിരുന്നു. അന്നും അത് തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.


മുഖ്യമന്ത്രിയുടെ ഉറപ്പിൽ തങ്ങൾക്ക‌് പൂർണ വിശ്വാസമുണ്ടെന്ന‌് കൂടിക്കാഴ്ചയ്ക്ക് ശേഷം കാതോലിക്ക ബാവ മാർ ബസേലിയോസ് ക്ലീമിസ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറിയും ഉറപ്പ് നൽകിയിട്ടുണ്ട്. കമ്മിഷന്റെ ശുപാർശകളിൽ ആശങ്കയുണ്ട്. ഇന്ന് കോട്ടയത്ത് ചേരുന്ന സഭായോഗത്തിൽ ഇക്കാര്യങ്ങൾ വിശദീകരിക്കും.