 അപടത്തിൽപ്പെട്ടത് മൂന്നുപേർ സഞ്ചരിച്ച സ്കൂട്ടർ

തിരുവനന്തപുരം : കോവളം ബെെപ്പാസിൽ ഈഞ്ചയ്ക്കൽ മുട്ടത്തറ സർവീസ് സഹകരണ ബാങ്കിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് രാജസ്ഥാൻ സ്വദേശികൾക്ക് ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശികളായ ദംഗാ സിംഗ് (70), പപ്പു റാം (42) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സണ്ണി (40) മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

ഈഞ്ചയ്ക്കൽ ഭാഗത്തുനിന്ന് കോവളത്തേക്ക് പോവുകയായിരുന്ന ഹോണ്ട സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. ഒരാൾ അപകട സ്ഥലത്തും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മൂന്ന് പേർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ വളവിൽ നിയന്ത്രണം വിട്ട് ഡിവെെഡറിലിടിച്ച് മറിയുകയായിരുന്നു. രാജസ്ഥാനിൽ നിന്ന് ബലൂൺ വില്പനയ്ക്കായി കേരളത്തിലെത്തിയ സംഘത്തിലെ അംഗങ്ങളാണിവർ. ബീമാപള്ളി ഭാഗത്ത് തമ്പടിച്ചാണ് ഇവർ ബലൂൺ കച്ചവടം നടത്തിയിരുന്നത്. മൂവരും സ്കൂട്ടറിൽ ബീമാപള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കിയതായി പൊലീസ് പറഞ്ഞു. ഡിവെെഡറിലിടിച്ച് മറിഞ്ഞ സ്കൂട്ടർ സൂചനാ ബോർഡിലും ഇടിച്ച് 100മീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്.